പിജി വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുന്നതായി പരാതി, കൊല്ലം സിറ്റി പോലീസിനെതിരെ ഗുരുതര ആരോപണം

കൊല്ലം: മെഡിക്കൽ പിജി വിദ്യാർത്ഥിനിയെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് പരാതി. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഹഫിൻ അബ്‌ദുൾ സലാമിനെതിരായ കേസിലാണ് കൊല്ലം സിറ്റി പോലീസ് ഗുരുതരമായ അനാസ്ഥ കാണിക്കുന്നതെന്ന ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഇരയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ.

കൊല്ലം സിറ്റി വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, പ്രതിയെ അറസ്റ്റ് ചെയ്യാതെ ഒളിവിൽ പോകാനുള്ള സാഹചര്യം പോലീസ് ഉന്നതർ തന്നെ ഒരുക്കിക്കൊടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജിയിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായും പരാതിക്കാർ വ്യക്തമാക്കുന്നു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടിന് പിന്നിൽ ഉന്നതതല സ്വാധീനമുണ്ടെന്ന ആക്ഷേപവും ഇതിനോടകം ശക്തമായിട്ടുണ്ട്.

2026 ഫെബ്രുവരിയിൽ പരാതിക്കാരി പഠിച്ചിരുന്ന എസ്-3 (S-3) യൂണിറ്റിൽ ഫാക്കൽറ്റിയായി ചുമതലയേറ്റത് മുതൽ ഡോക്ടർ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. പ്രതിയായ ഡോക്ടർക്കെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നതായും സൂചനകളുണ്ട്. കൂടാതെ, ഇതേ ഡോക്ടർക്കെതിരെ മുൻപ് പല വിദ്യാർത്ഥികളും നൽകിയ പരാതികൾ ആശുപത്രി അധികൃതർ തന്നെ ഒതുക്കിത്തീർത്തതായുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

കേസ് രജിസ്റ്റർ ചെയ്താലുടൻ പ്രതിയെ അറസ്റ്റ് ചെയ്യേണ്ട ഗൗരവകരമായ കുറ്റകൃത്യമായിട്ടും കൊല്ലം സിറ്റി വനിതാ പോലീസ് നടപടികൾ വൈകിപ്പിക്കുകയാണ്. പോലീസിന്റെ ഈ വീഴ്ചയ്ക്ക് പിന്നിലെ ഉന്നത ഇടപെടലുകളും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles