സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു!! പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ 14-കാരിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി,ഇറാനിൽ കൊടുംക്രൂരത

ടെഹ്റാൻ: ഇറാനിൽ നിർബന്ധിത ശൈശവ വിവാഹത്തിനിരയായ 14 വയസ്സുകാരി പ്രസവത്തിന് പിന്നാലെ ഭർത്താവിന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടു. ഇറാനിലെ കെർമാൻ പ്രവിശ്യയിലുള്ള സൊ​ഗാന്ദ് മൊഷ്തരേകിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചതിനെത്തുടർന്ന് 20-കാരനായ ഭർത്താവ് പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) വെളിപ്പെടുത്തി. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

അടുത്തിടെയാണ് സൊ​ഗാന്ദ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ആ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പെൺകുട്ടിക്ക്, പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സ്വന്തം ഭർത്താവിന്റെ ക്രൂരതയിൽ ജീവൻ നഷ്ടമാവുകയായിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ 14-കാരിയായ സൊ​ഗാന്ദിന് ഭർത്താവിൽ നിന്ന് കടുത്ത ശാരീരിക-മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പുറത്തുപോകുന്ന സമയങ്ങളിലെല്ലാം ഭർത്താവ് പെൺകുട്ടിയെ വീടിനുള്ളിൽ പൂട്ടിയിടുകയായിരുന്നു പതിവ്. കൂടാതെ, സ്വന്തം മാതാപിതാക്കളുമായോ വീട്ടുകാരുമായോ യാതൊരുവിധ ബന്ധവും പുലർത്താൻ അനുവദിക്കാതെ കടുത്ത നിയന്ത്രണങ്ങളാണ് ഇയാൾ ഏർപ്പെടുത്തിയിരുന്നത്.

ഇറാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനങ്ങളുടെയും ദുരഭിമാനക്കൊലകളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഫാർസ് പ്രവിശ്യയിൽ 21-കാരിയായ സെഫീദ് റയീസി എന്ന ഗർഭിണിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണ സംഭവവും പുറത്തുവരുന്നത്. കൗമാരപ്രായത്തിൽ വിവാഹിതയായ സെഫീദും നിരന്തര പീഡനങ്ങൾക്ക് ഇരയായിരുന്നു. ഇതിന് പുറമെ, നവംബർ ആദ്യവാരം ഒരു യുവാവുമായി അടുപ്പത്തിലാണെന്ന വിവരം തുറന്നുപറഞ്ഞതിന് ഹെലിയ ഫത്താഹി എന്ന 19-കാരിയെ സ്വന്തം കുടുംബം തന്നെ കൊലപ്പെടുത്തിയതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles