കൊച്ചി : സിഎംആർഎൽ മാസപ്പടി കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ, പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹർജി തള്ളിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്റെ വിശദമായ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിലാണ് നീക്കം. കേസിൽ സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലുകൾ ശരിവെച്ച ഡിവിഷൻ ബെഞ്ച്, അഴിമതി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.
അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടെങ്കിൽ എഫ്ഐആർ ഇടുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന് നിർബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രാഥമിക അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ പ്രതികൾക്ക് അവകാശമില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞ സാഹചര്യത്തിൽ, അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് പ്രത്യേകമായി നിയമനടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകാൻ പ്രതിഭാഗം ആലോചിക്കുന്നത്.



