ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദിൽ പതിനേഴുകാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫരീദാബാദിലെ ശിവ് ശക്തി എൻക്ലേവിലുള്ള പെൺകുട്ടിയുടെ വീട്ടിലാണ് സംഭവം. പ്രണയാഭ്യർഥന നടത്തി നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി നേരത്തെ വീട്ടുകാരും സ്കൂൾ അധികൃതരും ആൺകുട്ടിക്ക് കൗൺസിലിംഗും താക്കീതും നൽകിയിരുന്നു. ഇനി ശല്യപ്പെടുത്തുകയോ വീടിന് സമീപത്തേക്ക് വരികയോ ഇല്ലെന്ന് കുട്ടി ഉറപ്പ് നൽകിയിരുന്നെങ്കിലും, കഴിഞ്ഞ ദിവസം വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
സംഭവദിവസം പെൺകുട്ടിയും നാല് വയസ്സുകാരൻ സഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനേഴുകാരനെ കണ്ട മുത്തശ്ശി ഉടൻ തന്നെ അവിടെനിന്ന് പോകാൻ ആവശ്യപ്പെടുകയും, തുടർന്ന് കുട്ടി അല്പം മാറിപ്പോയ ശേഷം വീണ്ടും രഹസ്യമായി വീടിനുള്ളിൽ പ്രവേശിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം താഴത്തെ നിലയിൽ നടത്തിയിരുന്ന പാർലറിൽ കയറി ജീവനൊടുക്കുകയായിരുന്നു എന്നാണ് കുടുംബം പോലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ് പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ ഇത് ആത്മഹത്യയല്ലെന്നും പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും ആരോപിച്ച് ആൺകുട്ടിയുടെ കുടുംബവും ബന്ധുക്കളും രംഗത്തെത്തി. സംഭവം പുറത്തറിഞ്ഞതോടെ ആൺകുട്ടിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വീടിനുള്ളിലെ അതിക്രമിച്ച് കയറിയ സംഘം വിലപിടിപ്പുള്ള വസ്തുക്കൾ അടിച്ചുതകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ തടയാൻ ശ്രമിച്ച രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. പോലീസിന്റെ പരാതിയിൽ സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471-2552056)*



