ദൗത്യസംഘത്തെ വെട്ടിച്ച് ചക്കക്കൊമ്പൻ കാടുകയറി! ആദ്യ ഡോസ് മയക്കുവെടി ഫലിച്ചില്ല, പ്രതികൂല കാലാവസ്ഥയിൽ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ഇടുക്കി: ചിന്നക്കനാൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർത്തിയ ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ഒന്നാം ദിവസത്തെ ശ്രമം വിജയം കണ്ടില്ല. പത്തു മണിക്കൂറിലേറെ നീണ്ട കഠിനപരിശ്രമത്തിനൊടുവിൽ ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂർണ്ണമായും മയങ്ങാതിരുന്ന കൊമ്പൻ എഴുന്നേറ്റ് കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമായതോടെ ഇന്നത്തെ ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു.

അതിരാവിലെ ആനയിറങ്കൽ ഡാമിന് സമീപം കണ്ടെത്തിയ ആനയെ കരയിലൂടെയും റിസർവോയറിൽ ബോട്ടിലൂടെയും ഡ്രോൺ വഴിയും ദൗത്യസംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. പന്നിയാർ ഭാഗത്തേക്ക് നീങ്ങിയ കൊമ്പൻ വീണ്ടും ഡാമിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ബോട്ടിലുണ്ടായിരുന്ന സംഘം അതിനെ തടഞ്ഞു. തുടർന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടെ സിങ്കുകണ്ടത്തിന് സമീപമുള്ള ഓമനക്കുടിയിലെ പുൽമേട്ടിൽ വെച്ചാണ് ആനയ്ക്ക് മയക്കുവെടി വെക്കാൻ അനുകൂല സാഹചര്യം ഒരുങ്ങിയത്.

ആദ്യ ഡോസിൽ ആനയ്ക്ക് പൂർണ്ണമായ മയക്കം ലഭിക്കാത്തതിനാൽ രണ്ടാമതൊരു ഡോസ് കൂടി നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു ദൗത്യസംഘം. എന്നാൽ, നിരീക്ഷണത്തിൽ തുടരുകയായിരുന്ന കൊമ്പൻ പെട്ടെന്ന് എഴുന്നേറ്റ് വനത്തിനുള്ളിലേക്ക് ഓടിമറയുകയായിരുന്നു. നാല് മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി റേഡിയോ കോളർ ഘടിപ്പിക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ.

മൂന്നാർ ഡിഎഫ്ഒ സാജു വർഗീസിന്റെ നേതൃത്വത്തിൽ വിവിധ ഡിവിഷനുകളിലെ ആർആർടി, എലിഫന്റ് സ്ക്വാഡ് അംഗങ്ങളടക്കം 140 പേരാണ് ദൗത്യത്തിൽ അണിനിരന്നത്. നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടുന്ന 24 അംഗ പ്രത്യേക മെഡിക്കൽ സംഘവും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റേഡിയോ കോളർ ഘടിപ്പിക്കാൻ സാധിച്ചാൽ ആനയുടെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞ് ജനവാസ മേഖലകളിലേക്കുള്ള വരവ് തടയാനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles