തിരുവനന്തപുരം: സി.പി.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് കെ.കെ. ശൈലജ. അദ്ദേഹം സ്വയം രാജിവെക്കുകയായിരുന്നുവെന്നും ശൈലജ മാധ്യമങ്ങളോട് വ്യക്തമാക്കി.
സുരേഷ് ബാബു സ്വയം രാജിവെച്ചതാണെന്നും അല്ലാതെ മറ്റൊന്നുമല്ലെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിക്കോ തനിക്കോ യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ല. പാർട്ടിയിൽ പെൺകുട്ടികൾക്ക് പൂർണ്ണ സംരക്ഷണമുണ്ടെന്നും, പരാതികൾ പൂഴ്ത്തിവെക്കുന്നത് സി.പി.എം രീതിയല്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
സി.പി.എം അഭിഭാഷക സംഘടനാ ഭാരവാഹിയായ യുവതിയുടെ ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്നാണ് സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിനിടെ, സുരേഷ് ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ നൽകിയ പരാതി ഡിജിപി പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. പരാതി മറച്ചുവെച്ചെന്ന ആരോപണത്തിൽ ഉന്നത നേതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അതേസമയം, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷമുള്ള ആദ്യ പാർട്ടി വേദിയിൽ സുരേഷ് ബാബു പങ്കെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ചിറ്റൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം എത്തിയത്. സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മാറ്റിനിർത്തിയേക്കുമെന്ന സൂചനകൾക്കിടയിലാണ് കെ.കെ. ശൈലജയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.



