ആറ്റുകാൽ ക്ഷേത്രത്തിൽ “ആചാരം സംരക്ഷിക്കാൻ” കമ്മികൾ ! കലികാലം

ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലിന് പകരം ഇരുമ്പ് അടുപ്പ് ഉപയോഗിക്കണമെന്ന തിരുവനന്തപുരം മേയറുടെ നിർദേശം വന്നതോടെ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നഗരത്തിന്റെ ശുചിത്വവും മാലിന്യസംസ്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള നിർദേശത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്. മേയറുടെ തീരുമാനം ഏകപക്ഷീയവും അശാസ്ത്രീയവും അപക്വവുമാണെന്നാണ് ദീപക്കിന്റെ വിമർശനം. എന്നാൽ ഇവിടെ ചോദിക്കാനുള്ളത് മറ്റൊരു ചോദ്യമാണ്. വിശ്വാസവും ആചാരവും പറഞ്ഞ് എല്ലാ മാറ്റങ്ങളെയും എതിർക്കുന്ന സി.പി.എം നിലപാടിന്റെ യഥാർഥ രാഷ്ട്രീയം എന്താണ്?

കഴിഞ്ഞ വർഷം അഞ്ചുലക്ഷത്തോളം പേരാണ് ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തത്. ഇത്രയും വലിയൊരു ജനകീയ ചടങ്ങ് നടക്കുമ്പോൾ നഗരസഭയ്ക്ക് മുന്നിൽ വലിയ ഉത്തരവാദിത്വങ്ങളുണ്ട്. മാലിന്യനിർമാർജനം, ഗതാഗത നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, പൊതുജനങ്ങളുടെ സുരക്ഷ എന്നിവയെല്ലാം ഉറപ്പാക്കേണ്ടതുണ്ട്. പൊങ്കാല കഴിഞ്ഞ് നഗരം വൃത്തിയാക്കാൻ കഴിയുന്നുണ്ടെന്നത് മാത്രം കൊണ്ട് മാലിന്യപ്രശ്നങ്ങൾ ഇല്ലാതാകുന്നില്ല. ചുടുകല്ലുകളുടെ ഉപയോഗവും അവയുടെ പുനരുപയോഗവും ഉൾപ്പെടെ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്.

ഇവിടെയാണ് മേയറുടെ നിർദേശത്തെ രാഷ്ട്രീയവത്കരിച്ച് എതിർക്കുന്ന സി.പി.എം നിലപാട് ചോദ്യം ചെയ്യപ്പെടുന്നത്. ഇരുമ്പ് അടുപ്പ് ഉപയോഗിക്കണമെന്ന നിർദേശം നടപ്പാക്കണമോ വേണ്ടയോ എന്നത് വിദഗ്ധരുടെയും ക്ഷേത്രഭരണസമിതിയുടെയും ഭക്തജനങ്ങളുടെയും നഗരസഭയുടെയും അഭിപ്രായങ്ങൾ കേട്ടശേഷം തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ചർച്ചയ്ക്ക് തയ്യാറാകുന്നതിനുപകരം അധികാരത്തെ ചോദ്യം ചെയ്യുകയും വിശ്വാസത്തെ മുന്നിൽനിർത്തി രാഷ്ട്രീയപ്രചാരണം നടത്തുകയും ചെയ്യുന്നത് എന്തിനാണ്? പൊങ്കാല കഴിഞ്ഞ് പൊങ്കാലയുമായി വീട്ടിലേക്ക് മടങ്ങുന്ന ഒരു സ്ത്രീയും ഈ ചുടുകട്ടയും കൂടെ കൊണ്ട് പോകില്ല. അതേസമയം ഭാരം കുറഞ്ഞ ഇരുമ്പ് അടുപ്പ് വീട്ടിലേക്ക് കൊണ്ട് പോകുന്നതിൽ ഒരു തടസവും ഉണ്ടാകില്ല.

വിശ്വാസം സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പരിസ്ഥിതി സംരക്ഷണവും നഗരത്തിന്റെ ശുചിത്വവും അത്രതന്നെ പ്രധാനമാണ്. വിശ്വാസത്തെ ബഹുമാനിക്കുന്നതും പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല. കാലം മാറുന്നതനുസരിച്ച് എല്ലാം മാറുന്നുണ്ട്. ഇപ്പോൾ ക്ഷേത്രങ്ങളിൽ ഓൺലൈൻ കാണിക്കയും QR കോഡും ഉള്ള കാലത്താണ് നമ്മൾ കഴിയുന്നത്.

ഇവിടെ സി.പി.എമ്മിനോട് ചോദിക്കാനുള്ളത് മറ്റൊന്നുകൂടിയുണ്ട്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദകാലത്ത് വിശ്വാസികളുടെ ആശങ്കകളെ എങ്ങനെയാണ് അന്നത്തെ പിണറായി സർക്കാർ പരിഗണിച്ചത്? സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച അന്നത്തെ പിണറായി വിജയൻ സർക്കാരും ഇപ്പോൾ ആറ്റുകാൽ പൊങ്കാലയുടെ പാരമ്പര്യവും ആചാരവും സംരക്ഷിക്കണമെന്ന് വാദിക്കുന്ന സി.പി.എം നേതാക്കളും തമ്മിലുള്ള ഈ നിലപാടുമാറ്റം എന്തുകൊണ്ടാണ്? ശബരിമലയിൽ വിശ്വാസികളുടെ പ്രതിഷേധത്തെ അവഗണിച്ചവർക്ക് ഇന്ന് ആറ്റുകാലിൽ വിശ്വാസത്തിന്റെ പേരിൽ സംസാരിക്കുമ്പോൾ മറുപടി പറയേണ്ടതില്ലേ?

അതുപോലെ തന്നെ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കപ്പെടുന്ന ഇഷ്ടികക്കട്ടുകളുടെ കാര്യത്തിലും ഗൗരവമായ പരിശോധന ആവശ്യമാണ്. പൊങ്കാലയ്ക്ക് ശേഷം ശേഖരിക്കുന്ന ചുടുകല്ലുകൾ മറിച്ചുവിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളിൽ സത്യാവസ്ഥ എന്താണ്? ആരാണ് ഈ കല്ലുകൾ ശേഖരിക്കുന്നത്? എവിടേക്കാണ് കൊണ്ടുപോകുന്നത്? എന്താണ് അതിന്റെ സാമ്പത്തിക ഇടപാടുകൾ?നഗരസഭ പാവങ്ങൾക്ക് വീട് വയ്ക്കാൻ നൽകുന്നു എന്ന് പറഞ്ഞിരുന്നുവെങ്കിലും സിപിഎം ഭരിച്ചു കൊണ്ടിരുന്നപ്പോൾ ഇതിൽ നിരവധി അഴിമതി ആരോപങ്ങൾ ഉയർന്നിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാല ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ല. അത് ലക്ഷക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തിന്റെയും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും ഭാഗമാണ്. അതിനെ രാഷ്ട്രീയ ആയുധമാക്കാൻ ആരെയും അനുവദിക്കരുത്. വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇനിയെങ്കിലും കമ്മികൾ ശ്രമിക്കണം. ആറ്റുകാൽ പൊങ്കാലയുടെ പവിത്രതയും നഗരത്തിന്റെ ശുചിത്വവും സംരക്ഷിക്കപ്പെടട്ടെ. രാഷ്ട്രീയ പോരാട്ടങ്ങൾക്കപ്പുറം ഭക്തർക്കും നഗരത്തിനും ഗുണകരമായ തീരുമാനമാണ് തിരുവനന്തപുരം നഗരത്തിന് ആവശ്യം.

പക്ഷെ എടുത്ത് പറയേണ്ട കാര്യം, കേരളത്തിൽ 6 കോർപ്പറേഷനുകളുണ്ട്. പക്ഷെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാവുന്ന മേയർ ഒരു പക്ഷെ വി വി രാജേഷ് മാത്രമായിരിക്കും.ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ അത്രയും മികച്ചതും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവച്ചത് കൊണ്ടാണ് തിരുവനന്തപുരം കോർപ്പറേഷനും മേയർ വി രാജേഷും ജനങ്ങളുടെ മനസ്സിൽ ഇത്രയും സ്വീകാര്യത നേടിയത്. നല്ലത് ചെയ്താൽ നല്ലതേ പറയാൻ പറ്റൂ

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles