ബാങ്കോക്കിൽ എണ്ണ ശുദ്ധീകരണ ശാലയിൽ വൻ സ്ഫോടനവും തീപിടുത്തവും! 9 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിലും തീപിടുത്തത്തിലും ഒമ്പത് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബാങ്കോക്കിന്റെ കിഴക്കൻ മേഖലയിലുള്ള ബാങ്ചക് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ശുദ്ധീകരണ ശാലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ബാങ്കോക്കിലെ ഇരവാൻ മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു.

സ്ഫോടനത്തിന് പിന്നാലെ നഗരത്തിന്റെ ആകാശത്തേക്ക് കറുത്ത പുകച്ചുരുളുകൾ ഉയരുന്നത് പരിഭ്രാന്തി പരത്തി. പ്രദേശവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകിയ അധികൃതർ, അപകടമേഖലയിൽ നിന്ന് ആളുകളെ താൽക്കാലികമായി ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയുടെ തീവ്രശ്രമഫലമായി ഒരു മണിക്കൂറിനുള്ളിൽ തന്നെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ ഒഴിപ്പിച്ച പ്രദേശവാസികൾക്ക് വീടുകളിലേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. എങ്കിലും, ശുദ്ധീകരണ ശാലയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ വായു മലിനീകരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സമീപപ്രദേശങ്ങളിലെ വായുവിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

പ്രതിദിനം 1,20,000 ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് തായ്‌ലൻഡിലെ അഞ്ചാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാലയാണ്. നഗരപരിധിയിൽ സ്ഥിതി ചെയ്യുന്ന ഏക പ്ലാന്റും ഇതാണ്. എണ്ണ സംഭരണശാലയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള ഒരു യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്ന് തായ്‌ലൻഡ് ഊർജ മന്ത്രി അകനാട്ട് പ്രോംഫാൻ വ്യക്തമാക്കി. അപകടസാധ്യത പൂർണ്ണമായും ഒഴിഞ്ഞെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് മറ്റ് അഞ്ച് ശുദ്ധീകരണ ശാലകൾ കൂടി പ്രവർത്തിക്കുന്നതിനാൽ ഈ അപകടം തായ്‌ലൻഡിലെ ഇന്ധന വിതരണത്തെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2012 ജൂലൈയിലും ഈ പ്ലാന്റിൽ സമാനമായ രീതിയിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടാവുകയും സമീപത്തെ ജനവാസ മേഖലകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles