തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ഉയർത്തുന്ന പരാതികളും ആവശ്യങ്ങളും പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ സമിതിയെ നിയോഗിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗം സുരേഷ് ബാബു ചെയർമാനായുള്ള നാലംഗ സമിതിയോട് ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഗതാഗത വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, സർക്കാരിന്റെ പ്രിയദർശിനി പദ്ധതി കാരണം കഴിഞ്ഞ നാല് മാസം കൊണ്ട് 800 കോടിയോളം രൂപയുടെ ഭീമമായ നഷ്ടമാണ് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായതെന്ന് ബസ് ഉടമകൾ ആരോപിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം നവംബർ 3 മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി മുന്നറിയിപ്പ് നൽകി. പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകൾക്കും അനുവദിക്കുക, ബസുകളിലെ മിനിമം ചാർജ്ജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് മിനിമം ചാർജ്ജിന്റെ പകുതിയെങ്കിലും ആക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വെക്കുന്നത്. മുൻപ് നിയോഗിച്ച പദ്മകുമാർ സമിതിയുടെ ശുപാർശകളിൽ പോലും സർക്കാർ ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് ബസ് ഉടമകൾ കുറ്റപ്പെടുത്തി.



