കൊച്ചി: എറണാകുളം മുണ്ടംവേലിയിലെ വിവാദ ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്നും അന്തേവാസികളെ എത്രയും വേഗം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയുടെ ശുപാർശ. ഡെപ്യൂട്ടി കളക്ടർ, ജിസിഡിഎ, കൊച്ചി കോർപ്പറേഷൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒക്ടോബർ 12-ന് നടത്തിയ സ്ഥലം സന്ദർശനത്തിന് ശേഷമാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയത്.
കെട്ടിടത്തിന്റെ ഗുരുതരമായ നിർമ്മാണ വൈകല്യങ്ങളും അനുബന്ധ ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഫ്ലാറ്റിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായി താറുമാറായ അവസ്ഥയിലാണ്. സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മലിനജലം പുറത്തേക്ക് പരന്നൊഴുകുന്നത് പകർച്ചാവ്യാധി ഭീഷണി ഉയർത്തുന്നു. കെട്ടിടത്തിന്റെ മുകൾനിലകളിൽ നിന്നുള്ള മലിനജലം സ്ട്രക്ചറൽ ജോയിന്റുകൾ വഴി താഴത്തെ നിലകളിലെ അടുക്കളകളിലേക്ക് വരെ ഒലിച്ചിറങ്ങുന്ന സ്ഥിതിയാണുള്ളത്. നിരന്തരമുള്ള ചോർച്ച മൂലം കെട്ടിടത്തിന്റെ പ്രധാന ഇരുമ്പ് തൂണുകളും ഇലക്ട്രിക്കൽ കൺട്രോൾ റൂമിന്റെ അടിത്തറയും ദ്രവിച്ച് ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്.
ഇതിനുപുറമെ, 110 കെ.വി ഹൈടെൻഷൻ ലൈൻ ഫ്ലാറ്റിന് വളരെ അടുത്തുകൂടിയാണ് കടന്നുപോകുന്നത്. ഇത് ശക്തമായ കാറ്റും മഴയുമുള്ള സമയങ്ങളിൽ വൻ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇടിമിന്നൽ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി എർത്ത് ചെയ്യാത്തതും, ഒട്ടേറെ പ്രായമായവർ താമസിക്കുന്ന ഇവിടെ ലിഫ്റ്റ് സംവിധാനം ഇല്ലാത്തതും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി എടുത്ത് പറയുന്നുണ്ട്.



