തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി കരാറിനെ ചൊല്ലി മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിൽ പരസ്യപ്പോര് രൂക്ഷമാകുന്നതിനിടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. കരാറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും നിലവിലെ വൈദ്യുതി പ്രതിസന്ധിയും ചർച്ചയായെന്നാണ് വിവരം. ഇതുവരെയുണ്ടായ സംഭവവികാസങ്ങളും വിഷയത്തിലെ കെഎസ്ഇബിയുടെ നിലപാടും ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചു.
സർക്കാരിൽ കൂട്ടുത്തരവാദിത്തമില്ലെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ സുപ്രധാന കൂടിക്കാഴ്ച നടന്നിരിക്കുന്നത്. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് വകുപ്പ് മന്ത്രി നിലപാടെടുത്തപ്പോൾ, എല്ലാ വിവരങ്ങളും മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന പ്രതികരണവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. സർക്കാരിലെ മുതിർന്ന മന്തി തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവരുന്ന അപൂർവ സാഹചര്യമാണ് ഇതോടെ രൂപപ്പെട്ടിരിക്കുന്നത്. വിവാദം കത്തിനിൽക്കെ കെഎസ്ഇബി ചെയർമാനുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.



