കോഴിക്കോട്: കേരളത്തിലെ ആരോഗ്യവകുപ്പിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി നിപ്പ ചികിത്സയ്ക്കായി ഉപയോഗിച്ച റെംഡെസിവിർ മരുന്നുമായി ബന്ധപ്പെട്ട വിവാദം. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്നിന്റെ കാലാവധി സംബന്ധിച്ച സംശയങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. വിഷയം നിയമസഭയിൽ ഉന്നയിക്കപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
2021 ജൂൺ മൂന്നിനാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അഥവാ KMSCL വഴി റെംഡെസിവിർ മരുന്ന് വാങ്ങിയത്. 3,000 വയലുകൾക്കായി ചെലവഴിച്ചത് 42 ലക്ഷം രൂപയായിരുന്നു. എന്നാൽ മരുന്നിന്റെ കാലാവധി 2023 മെയ് 30-ന് അവസാനിച്ചതായാണ് പുറത്തുവരുന്ന വിവരം. കാലാവധി അവസാനിച്ചതിന് ശേഷവും ഈ മരുന്ന് രോഗികൾക്ക് നൽകിയിട്ടുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് ആരോഗ്യമന്ത്രി അന്വേഷണവിവരം വ്യക്തമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
അതേസമയം, 2023 മുതൽ 2025 വരെയുള്ള നിപ്പ മരണങ്ങളുടെ കണക്കുകളും ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. 2023-ൽ റിപ്പോർട്ട് ചെയ്ത ആറ് കേസുകളിൽ രണ്ടുപേരും, 2024-ൽ റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളിലും രോഗികൾ മരിച്ചു. 2025-ൽ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളിൽ രണ്ടുപേരും മരണത്തിന് കീഴടങ്ങി. ഈ മരണങ്ങളും കാലാവധി കഴിഞ്ഞ മരുന്നിന്റെ ഉപയോഗവും തമ്മിൽ ബന്ധമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ മരണങ്ങൾക്ക് മരുന്നിന്റെ ഉപയോഗമാണ് കാരണമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിനിടെ, കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയതിനെ തുടർന്നാണ് നിപ്പ രോഗികൾ മരിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡോ. അനൂപ് പ്രതികരിച്ചു. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരുടെയും രോഗനിർണയം നടന്നത് മരണാനന്തരമായതിനാൽ അവർക്ക് റെംഡെസിവിർ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് പ്രത്യേക പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മരുന്നിന്റെ ആധികാരികതയിൽ സംശയമില്ലെന്നും, ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി കെ. മുരളീധരൻ വിശദീകരിച്ചു. മരുന്നിൽ മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണെങ്കിലും മാനുഫാക്ചറിങ് ഡേറ്റ് രേഖപ്പെടുത്താത്ത മരുന്നാണ് എത്തിയതെന്ന വിവരവും മന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.സ്എംഎ മരുന്ന് വിവാദത്തിൽ പ്രതിഷേധിച്ചവർക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യവും മന്ത്രി ഉയർത്തി.
എന്തായാലും, നിപ്പ പോലൊരു ഗുരുതര രോഗത്തിനെതിരായ ചികിത്സയിൽ ഉപയോഗിച്ച മരുന്നിനെക്കുറിച്ച് ഇത്തരമൊരു സംശയം ഉയരുന്നത് നിസ്സാരമായി കാണാനാവില്ല. 42 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മരുന്നിന്റെ സംഭരണം, വിതരണം, ഉപയോഗം, കാലാവധി പരിശോധന എന്നിവയെല്ലാം സുതാര്യമായി പരിശോധിക്കേണ്ടതുണ്ട്.
അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ജനങ്ങളുടെ ആശങ്ക അവസാനിക്കില്ല. കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ, മരുന്നിന്റെ മാനുഫാക്ചറിങ് വിവരങ്ങൾ രേഖപ്പെടുത്താതിരുന്നത് എന്തുകൊണ്ട്, വിതരണത്തിലും സംഭരണത്തിലും വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കണം. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം.
കാരണം, നിപ്പ പോലൊരു മാരക രോഗത്തോട് പോരാടുന്ന രോഗികൾക്ക് ലഭിക്കേണ്ടത് ഏറ്റവും മികച്ച ചികിത്സയാണ്. മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ചും കാലാവധിയെക്കുറിച്ചുമുള്ള സംശയങ്ങളല്ല.



