കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. വിമാനം ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിനുള്ളിലെ ശൗചാലയത്തിലെ കണ്ണാടിയിൽ ഭീഷണി സന്ദേശം കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയും വിമാനം അടിയന്തരമായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.
സിഐഎസ്എഫും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളിലും വിശദമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും വസ്തുക്കളുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്.
ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസും സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കിയ ശേഷമേ വിമാനത്തിന് യാത്ര തുടരാൻ അനുമതി നൽകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.



