ന്യൂഡൽഹി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നൽകിയ ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കാനാണ് തീരുമാനം. എന്നാൽ മറ്റ് ജഡ്ജിമാരുടെ കൂടി സൗകര്യവും ലഭ്യതയും കണക്കിലെടുത്ത ശേഷമായിരിക്കും ബെഞ്ചിന്റെ രൂപീകരണം ഉണ്ടാവുക.അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ, ദസറ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ആദ്യ ദിവസമായ ഈ മാസം 26-ന് കേസ് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
പിണറായി വിജയന് അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂഥ്ര കോടതിയിൽ ചൂണ്ടിക്കാട്ടി. ഒടുവിൽ ഹർജിക്കാരുടെ ആവശ്യം കണക്കിലെടുത്ത് വരുന്ന ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാധാരണഗതിയിൽ കടുത്ത അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് അവധിക്കാലത്ത് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത്.
ടി. വീണയ്ക്കും മുഹമ്മദ് റിയാസിനും വേണ്ടി പ്രമുഖ അഭിഭാഷകൻ എൻ. ഹരിഹരനാണ് സുപ്രീം കോടതിയിൽ ഹാജരായത്. കേസ് അടിയന്തിരമായി കേൾക്കണമെന്നും അടുത്ത ആഴ്ച വാദം കേൾക്കുന്ന കൃത്യമായ തീയതി വ്യക്തമാക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ ജഡ്ജിമാരുടെ സൗകര്യം അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി തീയതി ഉടനടി പ്രഖ്യാപിക്കാൻ ചീഫ് ജസ്റ്റിസ് തയ്യാറായില്ല.



