സ്ത്രീസുരക്ഷയെക്കുറിച്ചും തുല്യനീതിയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന ഭരണകൂടത്തിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് കൊച്ചിയിലെ കളമശ്ശേരിയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. ക്രൂരമായി മർദ്ദനമേറ്റ് ചോരയൊലിപ്പിച്ച് നീതിതേടി പോലീസ് സ്റ്റേഷനിലെത്തിയ അമ്മയോടും മകളോടും കേരള പോലീസ് കാട്ടിയത് സമാനതകളില്ലാത്ത ക്രൂരതയാണ് എന്നാണ് പുറത്തു വരുന്ന വാർത്തയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഏതൊരു ക്രിമിനലിനെയും വെള്ളപൂശാൻ സിപിഎം നേതാക്കൾ ഇറങ്ങിത്തിരിക്കുമ്പോൾ, സാധാരണക്കാരുടെ ജീവനും മാനത്തിനും ഈ നാട്ടിൽ പുല്ലുവില പോലും ഇല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. പാർട്ടിയുടെ കൊടിപിടിക്കുന്നവനും നേതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കുന്നവനും ഏത് ഹീനകൃത്യം ചെയ്താലും അവനെ സംരക്ഷിക്കാൻ പാർട്ടി ഓഫീസിൽ നിന്ന് ഒരു ഫോൺകോൾ മാത്രം മതിയെന്ന ഭയാനകമായ അവസ്ഥയിലേക്കാണ് നമ്മുടെ നാട് കൂപ്പുകുത്തിയിരിക്കുന്നത്.
കളമശ്ശേരിയിൽ താമസിക്കുന്ന പെൺകുട്ടിക്കും അവരുടെ അമ്മയ്ക്കും നേരിടേണ്ടി വന്നത് കൊടും ക്രൂരതയാണ്. മറ്റൊരു ഭാര്യയുള്ള സാജു വർഗീസ് എന്ന പ്രതി, പെൺകുട്ടിയുടെ അമ്മയെ പറഞ്ഞു പറ്റിച്ച് ഒപ്പം താമസിപ്പിക്കുകയും തുടർന്ന് ഇവരെ രണ്ടുപേരെയും നിരന്തരം ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ക്രൂരമായ മർദ്ദനമേറ്റ് വായിൽ നിന്ന് രക്തം വന്ന്, ശരീരമാസകലം പരിക്കുകളുമായി ഈ അമ്മയും മകളും കളമശ്ശേരി പോലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തുമ്പോൾ അവർ പ്രതീക്ഷിച്ചത് നിയമപരമായ സംരക്ഷണമായിരുന്നു. എന്നാൽ അവിടെ കാത്തിരുന്നത് സിപിഎമ്മിന്റെ അധമ രാഷ്ട്രീയ സ്വാധീനത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമായിരുന്നു.
സ്റ്റേഷനിലേക്ക് എത്തിയത് ഒരു സാധാരണ ഫോൺകോളായിരുന്നില്ല, മറിച്ച് കളമശ്ശേരിയിലെ വിവാദ നായകനായ ഒരു പ്രമുഖ ഇടതുപക്ഷ നേതാവിന്റെ ഭീഷണിയുടെയും ശുപാർശയുടെയും ശബ്ദമായിരുന്നു. ഇടതുപക്ഷ അനുഭാവിയായ ഒരു ക്രിമിനലിനെ ഏത് വിധേനയും രക്ഷിക്കാൻ വേണ്ടി ആ നേതാവ് നേരിട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ വിളിച്ച് ഉത്തരവിടുകയായിരുന്നു. ചോരയൊലിപ്പിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ കണ്ണീരിനേക്കാൾ സ്റ്റേഷനിലിരുന്ന പോലീസുകാരന് വലുതായത് ഈ പാർട്ടി നേതാവിന്റെ കൽപ്പനയായിരുന്നു. പരിക്കുകളുടെ കൃത്യമായ തെളിവുകളും രക്തക്കറകളും മുന്നിലുണ്ടായിട്ടും പരാതി സ്വീകരിക്കാനോ പ്രതിക്കെതിരെ കേസെടുക്കാനോ തയ്യാറാകാതെ ആ നിസ്സഹായരായ സ്ത്രീകളെ പോലീസ് സ്റ്റേഷനിൽ നിന്ന് ആട്ടിയോടിക്കുകയാണ് ഉണ്ടായത്.
സിപിഎമ്മിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിച്ച ആ പോലീസ് ഉദ്യോഗസ്ഥൻ വെറുമൊരു സാധാരണക്കാരനല്ല, മറിച്ച് സിപിഎം അനുകൂല പോലീസ് അസോസിയേഷന്റെ പ്രമുഖ നേതാവാണ് എന്ന വസ്തുത കൂടി വെളിപ്പെടുമ്പോഴാണ് പോലീസിനുള്ളിലെ സമാന്തര പാർട്ടി ഭരണത്തിന്റെ ഭീകരത വ്യക്തമാകുന്നത്. മുളന്തുരുത്തിയിൽ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിലടക്കം അന്വേഷണം നേരിടുന്ന, ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള ഇത്തരം ഉദ്യോഗസ്ഥരെയാണ് സിപിഎം അസോസിയേഷന്റെ തണലിൽ ജനങ്ങളുടെ മേക്കിട്ടു കയറാൻ തീറ്റിപ്പോറ്റുന്നത്. ക്രമസമാധാന പാലനം നടത്തേണ്ട കാക്കിധാരികൾ പാർട്ടിയുടെ അടിമവേലക്കാരായി തരംതാഴുമ്പോൾ നീതി എന്ന വാക്കിന് ഇവിടെ എന്ത് അർത്ഥമാണുള്ളത്? സ്വന്തം പാർട്ടിയിലെ ഗുണ്ടകൾ സ്ത്രീകളെ തെരുവിൽ വലിച്ചിഴച്ചാലും അവരെ പൂമാലയിട്ട് സ്വീകരിക്കുന്ന ഈ ഭരണസംവിധാനം സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഈ നീതികേടിനെതിരെ എഡിജിപിക്ക് പരാതി നൽകി പോരാട്ടത്തിനിറങ്ങിയ ആ പെൺകുട്ടിയുടെ വാക്കുകൾ ഓരോ മലയാളിയുടെയും മനസ്സിനെ പൊള്ളിക്കുന്നതാണ്. പാർട്ടിക്കാരന് എന്തുമാകാമെന്നും, സാധാരണക്കാരന് ജീവിക്കാൻ അവകാശമില്ലെന്നുമുള്ള ഈ ധാർഷ്ട്യം കേരളത്തിന്റെ മണ്ണിൽ ഇനിയും എത്രനാൾ ജനം സഹിക്കണം? സ്വന്തം പാർട്ടിക്കാരനായ ക്രിമിനലിനെ സംരക്ഷിക്കാൻ ഒരു പെൺകുട്ടിയുടെ ചോരയും കണ്ണീരും കണ്ടില്ലെന്ന് നടിച്ച നേതാവിനെയും, അയാൾക്ക് പാദസേവ ചെയ്ത അസോസിയേഷൻ പോലീസുകാരനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് ധൈര്യമുണ്ടോ? സ്ത്രീസുരക്ഷ വെറും തിരഞ്ഞെടുപ്പ് മുദ്രാവാക്യമാക്കി മാറ്റി അധോലോക നേതാക്കളുടെയും ക്രിമിനലുകളുടെയും സംരക്ഷകരായി മാറുന്ന സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് ഇനിയെങ്കിലും കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. നീതി നിഷേധിക്കപ്പെട്ട ആ അമ്മയ്ക്കും മകൾക്കും ഒപ്പം നിൽക്കാനും ഈ നെറികെട്ട പാർട്ടി അടിമത്തത്തിനെതിരെ വിരൽ ചൂണ്ടാനും ഓരോ മനുഷ്യസ്നേഹിയും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



