ന്യൂഡൽഹി : ഹൂതികളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് നടത്താനിരുന്ന മുഴുവൻ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള എയർ ഇന്ത്യയുടെ സർവീസുകളാണ് ഒക്ടോബർ 20 വരെ നിർത്തിവെച്ചിരിക്കുന്നത്.
മേഖലയിലെ സാഹചര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സ്ഥിതിഗതികൾ സുരക്ഷിതമാകുന്ന മുറയ്ക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. നിലവിൽ സർവീസുകൾ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി മടക്കി നൽകാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് സൗദിയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ആയിരക്കണക്കിന് പ്രവാസി യാത്രക്കാരെയാണ് ഈ പെട്ടെന്നുള്ള തീരുമാനം ബാധിച്ചിരിക്കുന്നത്. ഒക്ടോബർ 20-ന് ശേഷം സ്ഥിതിഗതികൾ പുനഃപരിശോധിച്ച ശേഷമായിരിക്കും സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.



