ആന്തൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി വിവാദവും നിയമപോരാട്ടങ്ങളും സി.പി.ഐ.(എം) നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. റിസോർട്ടിന്റെ പേരിൽ വ്യാജപ്രചാരണങ്ങൾ നടത്തി സ്ഥാപനത്തിന് അപമാനവും സാമ്പത്തിക നഷ്ടവും വരുത്തിയെന്നാരോപിച്ച് മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ സഹോദരീപുത്രൻ ഇ.പി. ശ്യാംജിത്തിനെതിരെ മാനേജ്‌മെന്റ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. സ്ഥാപനത്തിന്റെ വിശ്വസ്തത തകർത്തുവെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് മാനേജ്‌മെന്റിന്റെ ആവശ്യം.
കുടുംബത്തിനുള്ളിലെ വിദ്വേഷവും സാമ്പത്തിക തർക്കങ്ങളുമാണ് ഈ വിവാദത്തിന് കാരണം. വൈദേകത്തിൽ അക്കൗണ്ട് മാനേജരായിരുന്ന ശ്യാംജിത്തിന്റെ ഭാര്യ ദീപ ഔദ്യോഗിക രേഖകളിൽ തിരിമറി കാണിച്ച് ലക്ഷക്കണക്കിന് രൂപ കവർന്നതായി മാനേജ്‌മെന്റ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. സിം കാർഡുകൾ മാറ്റിയും വ്യാജ വൗച്ചറുകൾ നിർമ്മിച്ചും ക്രമക്കേട് നടത്തിയെന്ന് തെളിവുകൾ സഹിതമാണ് പരാതി നൽകിയത്. ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട വൈരാഗ്യത്തിൽ ശ്യാംജിത്ത് സോഷ്യൽ മീഡിയയിലൂടെ പാർട്ടിയെയും ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയെയും അപകീർത്തിപ്പെടുത്തിയെന്നാണ് നോട്ടീസിലെ ആരോപണം.
സി.എം.ആർ.എൽ (CMRL) കമ്പനിയിൽ നിന്ന് പണം വാങ്ങി പി.കെ. ഇന്ദിര വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്ന ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളത്തിൽ വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ആദ്യം വിശദീകരിച്ചെങ്കിലും, പോലീസിന്റെയും സൈബർ സെല്ലിന്റെയും അന്വേഷണത്തിന് പിന്നാലെ ശ്യാംജിത്ത് മാപ്പുപറയുകയും ചെയ്തു. എന്നാൽ പോസ്റ്റ് പിൻവലിച്ചിട്ടും റിസോർട്ടിന്റെ പ്രതിച്ഛായയ്ക്ക് ഉണ്ടായ നഷ്ടം ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് നിയമനടപിയുമായി മുന്നോട്ടുപോയത്.
മാനേജ്‌മെന്റിന്റെ നോട്ടീസിന് മറുപടിയുമായി ശ്യാംജിത്ത് രംഗത്തെത്തിയത് വിവാദം വീണ്ടും കത്തിച്ചു. തന്റെ ബാങ്ക് ഓഹരി നിക്ഷേപങ്ങളും തുകയും താനറിയാതെ തിരിമറി നടത്തിയെന്നാണ് ശ്യാംജിത്തിന്റെ പുതിയ ആരോപണം. വൈദേകത്തിലെ സാമ്പത്തിക വിവരങ്ങളും ബാങ്ക് രേഖകളും ഇ.ഡിക്ക് കൈമാറുമെന്ന സൂചനകൾ പാർട്ടിക്കുള്ളിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ വൈദേകം വിവാദവും ഇ.ഡി അന്വേഷണത്തിലേക്ക് നീങ്ങുന്നത് മുന്നണിക്ക് കനത്ത തിരിച്ചടിയാകും.



