മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചന്ന കേസിൽ മാധ്യമപ്രവർത്തകരിൽ നിന്ന് എസ്ഐടി വിവരം തേടുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും അവരിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ പിടിച്ചെടുക്കാനുമാണ് ഇപ്പോൾ എസ്ഐടി തലവൻ യു പ്രേമന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. സത്യം മൂടിവെക്കാൻ എത്ര വലിയ നാടകങ്ങൾ രചിച്ചാലും അത് ഒടുവിൽ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടും എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കും ആരോഗ്യവകുപ്പിലെ കടുത്ത വീഴ്ചകൾക്കും കൃത്യമായ മറുപടി നൽകാതെ ഒളിച്ചോടാൻ ശ്രമിച്ച അതേ വീണ ജോർജ്ജാണ് ജനാധിപത്യപരമായ ഒരു പ്രതിഷേധത്തെ വധശ്രമമാക്കി മാറ്റി സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചത്. അതേറ്റുപിടിച്ച ചില അന്തംകമ്മികളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റഗ്രാം സ്റ്റോറിയായും ആ സംഭവം പാറി നടന്നു. പെരിങ്ങോത്ത് കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകനെ സിപിഎം ഗുണ്ടകൾ തെരുവിൽ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചതിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം. ട്രെയിൻ കയറാനെത്തിയ മന്ത്രിക്കെതിരെ ഉണ്ടായത് കേവലം രണ്ട് മിനിറ്റ് മാത്രം നീണ്ടുനിന്ന കരിങ്കൊടി വീശലും മുദ്രാവാക്യം വിളികളും മാത്രമായിരുന്നു. പ്ലാറ്റ്ഫോമിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഉന്തും തള്ളും അല്ലാതെ ഒരു ജീവന് പോലും ഭീഷണിയാകുന്ന ആക്രമണം അവിടെ നടന്നിട്ടില്ലെന്ന് അന്നേ വ്യക്തമായതാണ്.
എന്നിട്ടും ആ രണ്ട് മിനിറ്റ് പ്രതിഷേധത്തെ മുൻനിർത്തി എത്ര വലിയ തിരക്കഥയാണ് ഭരണകൂടവും വീണ ജോർജ്ജും ചേർന്ന് കേരളത്തിന് മുന്നിൽ അവതരിപ്പിച്ചത്. യാത്ര റദ്ദാക്കി ഉടൻ ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു, തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഓടിയെത്തി നാടകം കൊഴുപ്പിച്ചു, രാത്രിയോടെ വിദഗ്ധ ചികിത്സയ്ക്കെന്ന വ്യാജേന പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴുത്തിലെ കശേരുക്കൾക്ക് ക്ഷതം പറ്റി എന്ന് വരുത്തിത്തീർക്കാൻ മെഡിക്കൽ ബുള്ളറ്റിനുകൾ ഓരോന്നായി പുറത്തിറക്കി. എന്നാൽ സത്യം എന്തായിരുന്നു? ജില്ലാ ആശുപത്രിയിലെ ആദ്യ വൂണ്ട് സർട്ടിഫിക്കറ്റിൽ ആയുധം ഉപയോഗിച്ചുള്ള ആക്രമണമോ ഗുരുതര പരിക്കുകളോ ഇല്ലെന്ന് ഡോക്ടർമാർ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴികളിലോ റെയിൽവേ പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങളിലോ വധശ്രമത്തിന്റെ ഒരു തരിമ്പ് പോലും ഇല്ല. എന്നിട്ടും അഞ്ച് കെഎസ്യു പ്രവർത്തകരെ വധശ്രമം ചുമത്തി ജയിലിലടച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന മന്ത്രി തൊട്ടടുത്ത ദിവസം സ്വന്തം കാറിൽ തലസ്ഥാനത്തേക്ക് മടങ്ങിയ കാഴ്ചയിലൂടെത്തന്നെ ഈ നാടകത്തിന്റെ ആയുസ്സ് തീർന്നിരുന്നു. പരിക്കിന്റെ പേരിൽ സഹതാപം നേടാനും രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കാനും ഒരു മന്ത്രി തന്നെ മുൻകൈയെടുത്തത് രാഷ്ട്രീയ കേരളത്തിന് തീരാക്കളങ്കമാണ്. സ്വന്തം വകുപ്പിലെ പരാജയങ്ങൾ മറച്ചുവെക്കാൻ ഇത്തരം കൃത്രിമ നാടകങ്ങൾ പടച്ചുവിട്ട മുൻമന്ത്രി, ഇപ്പോൾ മാധ്യമപ്രവർത്തകരുടെ ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങളെ തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കാൻ നോക്കുന്നത് പരിഹാസ്യമാണ്. അധികാരത്തിന്റെ ഹുങ്കിൽ ജനാധിപത്യ പ്രതിഷേധങ്ങളെ ക്രിമിനൽ ഗൂഢാലോചനയായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഈ കാപട്യം ജനം തിരിച്ചറിഞ്ഞു. സത്യസന്ധമായ റിപ്പോർട്ടിംഗ് നടത്തുന്ന മാധ്യമങ്ങളെ വിരട്ടി കൂടെ നിർത്താമെന്ന വ്യാമോഹവും ഇവിടെ വിലപ്പോവില്ല.
നിഷ്കളങ്കരായ വിദ്യാർത്ഥി പ്രവർത്തകരെ രണ്ടാഴ്ചയോളം അഴികൾക്കുള്ളിലാക്കിയതിലൂടെ എന്ത് നേട്ടമാണ് ഇവർ ഉണ്ടാക്കിയത്? രാഷ്ട്രീയ വിമർശനങ്ങളെയും ജനരോഷത്തെയും ആരോഗ്യകരമായി നേരിടാൻ ശേഷിയില്ലാതെ വരുമ്പോൾ ഇത്തരം വ്യാജ ആക്രമണ കഥകൾ മെനയുന്നത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ഭൂഷണമല്ല. അധികാര കസേര ഒഴിഞ്ഞിട്ടും നീതിബോധത്തിന് നിരക്കാത്ത ഈ കള്ളക്കളികൾ തുടരുന്ന മുൻമന്ത്രിക്കും മുൻ സർക്കാരിനും മുന്നിൽ ചോദ്യങ്ങൾ ഇനിയും ഉയരുക തന്നെ ചെയ്യും.



