കണ്ണൂർ: സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി.
പയ്യന്നൂർ രാമന്തളി സ്വദേശികളായ ടി.പി. ബിജു (34), എം. വിപിൻ (34), സഹോദരൻ എം. വൈശാഖ് (31) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി പ്രതികൾ 5.4 വർഷത്തെ പ്രത്യേക തടവ് ശിക്ഷയും അനുഭവിക്കണം. ഈ കാലാവധി പൂർത്തിയായ ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുക. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തിന് കൈമാറണമെന്നും തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതികൾ അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും വിധിന്യായത്തിൽ പറയുന്നു.
കേസിൽ ആകെ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ പന്ത്രണ്ടാം പ്രതിയായിരുന്ന സി. ബിജു വിചാരണ കാലയളവിൽ കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഗൂഢാലോചനയിലും സഹായം നൽകുന്നതിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന മറ്റ് 16 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു. ശരീരത്തിൽ 37 മുറിവുകളുണ്ടാകും വിധം അതിക്രൂരമായാണ് ധനരാജിനെ വകവരുത്തിയതെന്നും ഇത് അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കുന്ന രേഖകളും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒന്നാം പ്രതിക്കെതിരെ നാല് കേസുകളും രണ്ടാം പ്രതിക്കെതിരെ 20 കേസുകളും മൂന്നാം പ്രതിക്കെതിരെ 18 കേസുകളും നിലവിലുണ്ടെന്ന് കോടതി പരിശോധിച്ചു. അതേസമയം, ശിക്ഷയിൽ ഇളവ് വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. വിധിയിൽ പൂർണ്ണ സംതൃപ്തനാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ പ്രതികരിച്ചു.



