സി.പി.എമ്മിനുള്ളിൽ വീണ്ടും ആഭ്യന്തര പോര് ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വർഷങ്ങളായി പിണറായി വിജയന്റെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്ന സി.പി.എമ്മിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾക്കും എത്രത്തോളം ഇടമുണ്ടെന്ന ചോദ്യവും ഇതോടെ പ്രസക്തമാകുന്നു. ഒരു കാലത്ത് കൂട്ടായ നേതൃത്വത്തിനും ശക്തമായ സംഘടനാ സംവിധാനത്തിനും പേരുകേട്ട പാർട്ടിയായിരുന്നു സി.പി.എം. എന്നാൽ പാർട്ടിയുടെ അധികാരം ഏതാനും നേതാക്കളിൽ കേന്ദ്രീകരിച്ചുവെന്ന വിമർശനം സമീപകാലത്ത് ശക്തമാണ്. പിണറായി വിജയന്റെ നേതൃത്വശൈലി പാർട്ടിയിൽ വ്യക്തികേന്ദ്രീകൃതമായ അധികാരസംവിധാനം വളർത്തിയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. തന്നോട് വിയോജിക്കുന്ന നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നേതൃത്വത്തോട് വിധേയത്വം പുലർത്തുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുവെന്നുമുള്ള കാര്യം പരസ്യമായ രഹസ്യമാണ്.
ഈ പശ്ചാത്തലത്തിലാണ് പി. ജയരാജന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം ശ്രദ്ധേയമാകുന്നത്. കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായ ജയരാജന് ലഭിക്കുന്ന ജനപിന്തുണ നേതൃത്വത്തിലെ ചില കേന്ദ്രങ്ങളിൽ പ്രത്യേകിച്ചും പിണറായിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. പിണറായി വിജയൻറെ അധികാര ആർത്തിയിൽ ശോഭ കുറഞ്ഞു പോയ നേതാവായിരുന്നു പി ജയരാജൻ എന്ന സത്യം പാർട്ടി കൊടി കെട്ടുന്ന കമ്പിന് പോലും അറിയാം.വിജയൻ മുഖ്യമന്ത്രി ആയിരുന്ന 10 കൊല്ലവും ജയരാജന് കഞ്ഞി കിട്ടിയത് കുമ്പിളിൽ തന്നെയായിരുന്നു. ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജയരാജന്റെ രാഷ്ട്രീയ ശൈലി അണികൾക്കിടയിൽ പ്രത്യേക സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ ജയരാജന്റെ തിരിച്ചുവരവ് പാർട്ടിയിൽ പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ജയരാജന് പങ്കെടുക്കുന്ന പരിപാടികളില് വലിയ ജനപങ്കാളിത്തമാണ് കാണുന്നത്.
ഇതിനിടെയാണ് ഇടുക്കി മാങ്കുളത്തെ ഗ്രാൻഡ് ക്ലിഫ്റ്റ് റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നത്. ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ പി. ജയരാജനെതിരെ ചില ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും അവ തെളിയിക്കപ്പെട്ട വസ്തുതകളല്ല. റിസോർട്ടിൽ ഓഹരി പങ്കാളിത്തമില്ലെന്നും ഉടമകളുമായി പരിചയപ്പെട്ടത് മറ്റൊരു സാഹചര്യത്തിലാണെന്നും പി. ജയരാജൻ വിശദീകരിച്ചിട്ടുണ്ട്. ഇവിടെയാണ് പാർട്ടിയുടെ ഇരട്ടത്താപ്പ് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നത്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി. ജയരാജൻ നേരത്തെ പരാതി നൽകിയിട്ടും വർഷങ്ങളോളം നടപടിയുണ്ടായില്ലെന്ന വിമർശനമുണ്ട്. എന്നാൽ ഇപ്പോൾ പി ജയരാജാജിനെതിരെ പരാതി ഉയർന്നപ്പോൾ വേഗത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചുവെന്നത് അണികൾക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി സംവിധാനത്തെക്കുറിച്ച് ഉയരുന്ന ഏറ്റവും വലിയ വിമർശനം അധികാരത്തിന്റെ അമിത കേന്ദ്രീകരണമാണ്. പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരങ്ങൾക്കും അഭിപ്രായങ്ങൾക്കും അർഹമായ പരിഗണന ലഭിക്കുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. തിരഞ്ഞെടുപ്പ് തിരിച്ചടികൾ നേരിടുമ്പോൾ നേതൃത്വം സ്വയംവിമർശനത്തിന് തയ്യാറാകുന്നതിനുപകരം പഴയ അധികാരരീതികളുമായി മുന്നോട്ടുപോകുകയാണെങ്കിൽ സംഘടനയുടെ അടിത്തറ കൂടുതൽ ദുർബലമാകും.
സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം നേതാക്കളെ പരസ്പരം പോരടിപ്പിക്കുന്നതിലല്ല. പാർട്ടിയുടെ ജനകീയ അടിത്തറ വീണ്ടെടുക്കുന്നതിലും അഴിമതി ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കുന്നതിലും പ്രവർത്തകരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിലുമാണ്. പി. ജയരാജനെതിരായ ആരോപണങ്ങളും അതുപോലെ അദ്ദേഹത്തിന്റെ വിശദീകരണങ്ങളും നിഷ്പക്ഷമായി പരിശോധിക്കപ്പെടണം. ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയ ചർച്ചകളെ സ്വാധീനിച്ചിരുന്ന സി.പി.എം ഇന്ന് സ്വന്തം ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ ജനവിശ്വാസം നിലനിർത്താനുള്ള വെല്ലുവിളി നേരിടുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിന് മുന്നിലുള്ള ഏറ്റവും വലിയ പരീക്ഷണം അധികാരം നിലനിർത്തുന്നതല്ല, മറിച്ച് പാർട്ടിയിൽ ജനാധിപത്യവും കൂട്ടായ നേതൃത്വവും പുനഃസ്ഥാപിക്കുകയാണ്. വിമർശകരെ ശത്രുക്കളായി കാണുന്ന രാഷ്ട്രീയശൈലി ഒരു പ്രസ്ഥാനത്തെയും ദീർഘകാലം ശക്തിപ്പെടുത്തില്ല.
പി. ജയരാജന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്നതിനേക്കാൾ പ്രധാനപ്പെട്ടത് സി.പി.എം സ്വന്തം തെറ്റുകൾ തിരിച്ചറിയുമോ എന്നതാണ്. വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിന് പകരം സംഘടനയുടെ കൂട്ടായ്മയും ആദർശവും തിരിച്ചുപിടിക്കാൻ പാർട്ടിക്ക് കഴിയുമോ? കണ്ണൂരിൽ ഉയരുന്ന ഈ രാഷ്ട്രീയ പോരാട്ടം അതിനുള്ള നിർണായക പരീക്ഷണമായി മാറുകയാണ്. അധികാരത്തേക്കാൾ പ്രസ്ഥാനത്തിന് പ്രാധാന്യം നൽകുന്ന പഴയ രാഷ്ട്രീയ സംസ്കാരം തിരിച്ചെത്തിയില്ലെങ്കിൽ സി.പി.എമ്മിന്റെ പ്രതിസന്ധി കൂടുതൽ ആഴത്തിലാകുമെന്ന മുന്നറിയിപ്പാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്.



