തിരുവനന്തപുരം : കുട്ടികളുടെ സ്കൂൾ ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ടമെന്ന നിലയിൽ എൽ.പി സ്കൂളുകളിലായിരിക്കും ഈ പരിഷ്കാരം നടപ്പിലാക്കുക. കുട്ടിയുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്റെ ഭാരം ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് വകുപ്പ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ഉറപ്പാക്കും. കൂടാതെ ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ടൈംടേബിൾ ക്രമീകരണം.പാഠപുസ്തകങ്ങളുടെ ഭാരം ഒഴിവാക്കാൻ രണ്ട് സെറ്റ് പുസ്തകങ്ങൾ നൽകി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയും നടപ്പിലാക്കും. ഇതിനൊപ്പം ക്ലാസ് മുറികളിൽ ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിന് പദ്ധതിയുണ്ട്.



