തിരുവനന്തപുരം: സംസ്ഥാനത്ത് 38 വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച മുന്നേറ്റം. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ യുഡിഎഫ് വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. പത്തനംതിട്ട ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. മുട്ടം പഞ്ചായത്ത് ഒൻപതാം വാർഡും പത്തനംതിട്ട റാന്നി ബ്ലോക്ക്പടി വാർഡും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ചേലക്കര കുറുമല വാർഡിലും യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കി. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനിലും ചാലക്കുടി മുനിസിപ്പാലിറ്റിയിലും കോൺഗ്രസ് വിജയം ആവർത്തിച്ചു. മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡ് യുഡിഎഫ് നിലനിർത്തി. പാലക്കാട് കരിമ്പ പഞ്ചായത്തിലും യുഡിഎഫ് വിജയം നേടി.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫിനും ചില നിർണായക നേട്ടങ്ങളുണ്ടായി. ചിറയിൻകീഴ് അഞ്ചുതെങ്ങ് ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. ചിറയിൻകീഴ് മണ്ഡലത്തിൽ രണ്ട് സീറ്റുകളിൽ യുഡിഎഫിന് തോൽവി നേരിടേണ്ടി വന്നത് തിരിച്ചടിയായി. പാമ്പാടിയിലെ കുമ്പന്താനം വാർഡും എൽഡിഎഫ് സ്വന്തമാക്കി. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ 18 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എറണാകുളത്ത് പൂത്തൃക്ക പഞ്ചായത്തിൽ ട്വന്റി 20യും വിജയം നേടി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനിലും ചിറ്റൂർ പരുത്തിക്കാവ് വാർഡിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.



