വരൾച്ചയെ തോൽപ്പിച്ച ഭൂമി!! പളനി മലനിരകളുടെ നീരുറവയിൽ സമൃദ്ധി വിളങ്ങുന്ന ഒട്ടൻഛത്രം…ദിണ്ടിഗലിലെ മനോഹര പട്ടണത്തിലേക്ക് ഒരു യാത്ര

തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ, പളനി മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ് ഒട്ടൻഛത്രം (Ottanchatram). ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള ഈ പ്രദേശം ഒരു ചെറിയ പട്ടണം മാത്രമല്ല. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ഒട്ടൻഛത്രം. ഒട്ടൻഛത്രത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ഇവിടുത്തെ പച്ചക്കറി മാർക്കറ്റാണ്. തമിഴ്‌നാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ മൊത്തവ്യാപാര മാർക്കറ്റിൽ നിന്ന്, ദിനംപ്രതി ടൺ കണക്കിന് പച്ചക്കറികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. ഒട്ടൻഛത്രത്തിലെ മാർക്കറ്റിൽ നിന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വലിയൊരു പങ്കും എത്തുന്നത്. പ്രത്യേകിച്ച്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിലേക്ക് ഒട്ടൻഛത്രത്തിൽ നിന്ന് ദിവസേന ടൺ കണക്കിന് പച്ചക്കറികളുമായി ലോറികൾ അതിർത്തി കടന്ന് എത്തുന്നുണ്ട്. രാവിലെ മുതൽ ആരംഭിക്കുന്ന മാർക്കറ്റിലെ ലേലവും വ്യാപാരവും വളരെ ചടുലമാണ്. തക്കാളി, മുളക്, വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, വഴുതനങ്ങ, ബീൻസ് എന്നിവയാണ് ഇവിടെ നിന്ന് കയറ്റി അയയ്ക്കുന്ന പ്രധാന പച്ചക്കറികൾ.

കൊണ്ടരങ്ങി മല

പളനി മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും, കിണർ വെള്ളവും ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. മഴയുടെ കുറവ് കൃഷിയെ സാരമായി ബാധിക്കാറുണ്ട്. വർഷത്തിൽ മൂന്നുമാസം മാത്രമാണ് ഒട്ടൻഛത്രത്തിൽ മഴ ലഭിക്കുന്നത്. മഴവെള്ളം സംഭരിക്കാനായി കൃഷിയിടങ്ങളിൽ ചെക്ക് ഡാമുകൾ നിർമ്മിച്ചിട്ടുണ്ട്. പച്ചക്കറികൾ മാറിമാറി കൃഷി ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. തമിഴ്‌നാടിന്റെ തനതായ ഗ്രാമീണ ജീവിതരീതികളും ആതിഥേയത്വവും ഒട്ടൻഛത്രത്തിന്റെ പ്രത്യേകതകളാണ്. വിശാലമായ കൃഷിയിടങ്ങളും, കാളവണ്ടികളും, മൺപാതകളും നിറഞ്ഞു നിൽക്കുന്ന ഗ്രാമീണഭംഗി ആരെയും ആകർഷിക്കും. ഒട്ടൻഛത്രത്തിൽ നിന്ന് 27 കിലോമീറ്റർ മാത്രമേയുള്ളൂ പളനിയിലേക്ക്. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് ഓരോ ദിവസവും ഒട്ടൻഛത്രത്തിലൂടെ കടന്നു പോകുന്നത്.

കൊണ്ടരങ്ങി മലയിലേക്കുള്ള പടവുകൾ

ഒട്ടൻഛത്രം പട്ടണത്തിൽ നിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ കെ കീരനൂർ എന്ന ഗ്രാമത്തിലെത്തും. അങ്ങോട്ടേയ്ക്കുളള യാത്ര തന്നെ അതിമനോഹരമാണ്. നീണ്ടുനിവർന്നു കിടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും കൃഷി ചെയ്തിരിക്കുന്നതും, കൃഷിക്കായി ഒരുക്കിയിട്ടിരിക്കുന്നതുമായ സ്ഥലങ്ങൾ. അങ്ങിങ്ങായി ചെറിയ വീടുകൾ. സാമ്പത്തിക ഭദ്രത ഉള്ളവരാണെങ്കിലും, ആഢംബരപ്രേമികളല്ല ഇവിടുത്തെ ആളുകൾ. ഏക്കർ കണക്കിന് കൃഷിഭൂമിയുണ്ടെങ്കിലും, ചെറിയ വീടുകൾ നിർമ്മിക്കുന്നത് തന്നെ ഇതിന് ഉദാഹരണം. എല്ലാ വീടുകളിലും കന്നുകാലി വളർത്തലുണ്ട്. കന്നുകാലി വളർത്തൽ ഇവിടുത്തെ ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഭക്ഷണമുണ്ടാക്കാനുള്ള പച്ചക്കറികൾ വീടുകളിൽ തന്നെ വളർത്തുന്നു. പശുവും, ആടും, കോഴിയുമെല്ലാം മിക്ക വീടുകളിലുമുണ്ട്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് അപൂർവ്വമായി മാത്രം.

മല്ലീശ്വര ക്ഷേത്രത്തിന് മുന്നിൽ ഭക്തർ

ക്ഷേത്രങ്ങൾ, തമിഴരുടെ സംസ്ക്കാരത്തിന്റെ അടയാളമാണ്. ഇവിടെയും ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളുണ്ട്. ഗ്രാമത്തിന്റെ ഐശ്വര്യം ക്ഷേത്രങ്ങളാണ് എന്നാണ് ഗ്രാമീണരുടെ വിശ്വാസം. കെ കീരനൂരിലും ക്ഷേത്രങ്ങളുണ്ട്. പന്ത്രണ്ട് കൊല്ലം കൂടുമ്പോഴാണ് ക്ഷേത്രങ്ങളിൽ പുനഃരുദ്ധാരണം നടത്തുന്നത്. ശ്രീകോവിലിലും പുനഃരുദ്ധാരണം നടത്തുന്നെങ്കിൽ, ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തെ ആവാഹിച്ച്, ക്ഷേത്രമുറ്റത്ത് താൽക്കാലികമായി നിർമ്മിച്ച പുരയിൽ പ്രതിഷ്ഠിക്കും. പുനഃരുദ്ധാരണം കഴിയുന്നത് വരെ പൂജകൾ ഈ താൽക്കാലിക പുരകളിലായിരിക്കും. പുനഃരുദ്ധാരണം പൂർത്തിയായിക്കഴിഞ്ഞാൽ, താൽക്കാലിക പുരയിൽ നിന്ന് വിഗ്രഹത്തെ ശ്രീകോവിലിനുള്ളിലേക്ക് മാറ്റി പ്രതിഷ്ഠിക്കും. വലിയ ഉത്സവത്തോടെയായിരിക്കും ഈ ചടങ്ങ് നടത്തുക. ക്ഷേത്രം പുനഃരുദ്ധാരണം നടത്താനുള്ള പണം ഗ്രാമവാസികൾ പങ്കിട്ട് ചെലവാക്കും. തമിഴ്നാട് സർക്കാർ ഗ്രാമപ്രദേശങ്ങളിലെ മിക്ക ക്ഷേത്രങ്ങളിലും, കലാപരിപാടികൾ അവതരിപ്പിക്കാനുള്ള സ്റ്റേജുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.

പടവുകളിൽ കമ്പി പിടിപ്പിക്കുന്ന വൃദ്ധൻ

കൊണ്ടരങ്ങി കെ കീരനൂരിലാണ് മല്ലീശ്വര ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ, ലിംഗാകൃതിയിൽ ഉയർന്നു നിൽക്കുന്ന മലമുകളിലാണ് സ്വയംഭൂലിംഗം പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രം. പാറയിൽ വെട്ടിയുണ്ടാക്കിയ പടവുകൾ കയറി, അതിസാഹസികമായാണ് ക്ഷേത്രത്തിൽ എത്തേണ്ടത്. മലമുകളിൽ നിന്ന് താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്. രണ്ടു മണിക്കൂറോളം മല കയറിയാൽ മാത്രമേ മുകളിലെത്താൻ കഴിയൂ. തിരിച്ച് ഇറങ്ങാനും അത്രത്തോളം സമയം വേണ്ടിവരും. ഓരോ ദിവസവും നാലു തവണ വീതം 1037 ദിവസം മുടങ്ങാതെ ഒരു ഇരുപത്തിനാലുകാരൻ കയറിയിറങ്ങി. ഗിന്നസ് റിക്കോർഡ് ലക്ഷ്യമിട്ടാണ്, ഗോപാലകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ കൊണ്ടരങ്ങി മല കയറിയിറങ്ങിയത്. ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ഒട്ടൻഛത്രവും, സമീപത്തെ ഗ്രാമപ്രദേശങ്ങളും. കാർഷിക സമൃദ്ധിയും അധ്വാനശീലരുമായ ജനങ്ങളുമാണ് ഒട്ടൻഛത്രത്തിന്റെ വിജയം. അതുകൊണ്ടുതന്നെ, തമിഴ്‌നാടിന്റെ കാർഷിക ഭൂപടത്തിലും കേരളത്തിന്റെ അടുക്കളകളിലും ഒട്ടൻഛത്രം എന്ന ചെറുപട്ടണത്തിന് വളരെ വലിയ സ്ഥാനമാണുള്ളത്.

ഒട്ടൻഛത്രം മാർക്കറ്റ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles