ദമാം : മയക്കുമരുന്ന് കേസുകൾക്ക് വധശിക്ഷ പോലെയുള്ള കർശനമായ ശിക്ഷകളാണ് അറബ് രാജ്യങ്ങൾ നൽകുന്നത്. ഇത്തരമൊരു വധശിക്ഷ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ദമാമിൽ നടപ്പാക്കി. സൗദി അറേബ്യയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെട്ട കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശിയായ അബൂട്ടി വെള്ളിലിനെയാണ് (41) ഇന്നലെ വധശിക്ഷക്ക് വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ എംബസിയെ ഔദ്യോഗികമായി അറിയിക്കുകയും റിപ്പോർട്ട് കൈമാറുകയും ചെയ്തു.
2023 -ൽ ഒമാനിൽ നിന്ന് റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വച്ചാണ് അബൂട്ടിയെ സൗദി അറേബ്യൻ സുരക്ഷാസേന പിടികൂടുന്നത്. പിടികൂടുമ്പോൾ ഇയാളുടെ പക്കൽ 43 കിലോഗ്രാമോളം മാരകമായ ലഹരിമരുന്നും ഉണ്ടായിരുന്നു. പിന്നീട് നടന്ന വിചാരണയിൽ വിചാരണക്കോടതിയും അതിനുശേഷം അപ്പീൽ കോടതിയും ഇയാളുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. സുപ്രീംകോടതിയുടെ അംഗീകാരത്തിന് ശേഷം സൗദി ഭരണാധികാരിയുടെ രാജകീയ ഉത്തരവ് (റോയൽ ഡിക്രി) പുറപ്പെടുവിച്ചതിന് ശേഷമാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.



