കൊച്ചി: സിഎംആർഎൽ.-എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായിവിജയൻ അടക്കമുള്ളവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രിയും മരുമകനുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ കേസിൽ പ്രതികളാകും. അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർണ്ണായക വിധി.
ഹർജിയിൽ ഡിജിപിക്ക് ഇഡി നൽകിയ കത്തിന്റെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹർജി തന്നെ നിലനിൽക്കില്ലെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. ആദ്യംതന്നെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഇതുസംബന്ധിച്ചു സുപ്രീം കോടതി ഉത്തരവുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ, ഹർജിക്കാരന്റെ വാദത്തിന് അനുകൂലമായ നിലപാടാണ് ഇഡി സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ 66 (2) പ്രകാരം നൽകിയ കത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിർബന്ധമാണെന്നും ഇഡി വാദിച്ചു. ഗുരുതര സ്വഭാവമുള്ളതാണ് കുറ്റകൃത്യം. പ്രാഥമിക അന്വേഷണത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.



