ന്യൂഡൽഹി : രാജ്യത്തെ വ്യവസായ മേഖലയ്ക്കും നികുതിദായകർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് ജിഎസ്ടി കൗൺസിൽ നിർണ്ണായകമായ പൊളിച്ചെഴുത്തുകൾ പ്രഖ്യാപിച്ചു. ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണ്ണമായി എടുത്തുകളയാൻ തീരുമാനിച്ചത്. രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ നടപടി.
പുതിയ തീരുമാനപ്രകാരം പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷാ കാലാവധി ഒഴിവാക്കി. പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഓരോ കേസിലെയും സാഹചര്യങ്ങൾ അനുസരിച്ച് കോടതിയുടെ വിവേചനാധികാരത്തിന് വിടാനും കൗൺസിൽ തീരുമാനിച്ചു. പ്രത്യേക പിഴകൾ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത പൊതുവായ പിഴകൾ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വൈകി റിട്ടേൺ ഫയൽ ചെയ്യുകയോ, ചെറിയ പിഴവുകൾ വരുത്തുകയോ, പണമടയ്ക്കാൻ വൈകുകയോ ചെയ്യുന്ന നികുതിദായകർക്ക് അതിനുള്ള റിക്കവറിയും പലിശയും ആനുപാതികമായ പിഴയും മാത്രമായിരിക്കും ചുമത്തുക. കടുത്ത നികുതി നടപടികളെക്കുറിച്ചും ബിസിനസ്സ് തടസ്സങ്ങളെക്കുറിച്ചും രാജ്യത്തുടനീളമുള്ള വ്യാപാരികൾ നിരന്തരം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്തുന്നതിനേക്കാൾ, ബിസിനസ്സ് സുഗമമാക്കുന്നതിനും അനുബന്ധ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ഊന്നൽ നൽകിയുള്ളതാണ് പുതിയ പരിഷ്കാരങ്ങളെന്ന് യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.



