ന്യൂഡൽഹി: ഇന്ത്യയിൽ ഒരു മേഖലയിലും കുത്തക അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സ്റ്റാർലിങ്ക് ലൈസൻസുകൾ തടഞ്ഞുവെച്ചെന്ന എലോൺ മസ്കിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് മന്ത്രിയുടെ ഈ സുപ്രധാന പ്രതികരണം. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്ത് ആർക്കും കുത്തകാവകാശം നൽകില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാവർക്കും ലൈസൻസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാർലിങ്ക് സേവനങ്ങൾ രാജ്യത്ത് തടയപ്പെടുന്നുവെന്ന എലോൺ മസ്കിന്റെ ആരോപണങ്ങൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നേരത്തെ തള്ളിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് രാജ്യത്ത് സാറ്റ്‌കോം ലൈസൻസ് തേടുന്ന എല്ലാ കമ്പനികൾക്കും നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഒരു പ്രത്യേക കമ്പനിയെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെങ്കിലും, റിലയൻസ് ജിയോ, വൺവെബ്, സ്റ്റാർലിങ്ക് എന്നിവയുൾപ്പെടെ മൂന്ന് കമ്പനികൾ ഇതിനകം ലൈസൻസ് നേടിയിട്ടുണ്ടെന്ന് സിന്ധ്യ ചൂണ്ടിക്കാണിച്ചു. കൂടാതെ ആമസോണും ലൈസൻസിനായി രംഗത്തുണ്ട്.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായുള്ള നിരക്ക് ഘടന സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കൊമേഴ്സ്യൽ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള എല്ലാ ലൈസൻസുള്ള ഓപ്പറേറ്റർമാരും കർശനമായ സുരക്ഷാ ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഓരോരുത്തർക്കും പ്രവർത്തനാനുമതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ അഞ്ച് വർഷമായി ശ്രമിക്കുന്ന തന്റെ കമ്പനിയെ സ്വാധീനശക്തികൾ തടയുന്നു എന്നായിരുന്നു എലോൺ മസ്കിന്റെ ആരോപണം. എന്നാൽ സുരക്ഷാ പരിശോധനകളും നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ കമ്പനികൾക്കും തുല്യ അവസരമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.



