വാഷിംഗ്ടൺ: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്ൻ സൈന്യം ആശയവിനിമയത്തിനും ഡ്രോൺ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്ന സ്പേസ് എക്സിന്റെ ‘സ്റ്റാർഷീൽഡ്’ ഉപഗ്രഹ സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ ഉത്തരവിന് പിന്നിൽ വൈറ്റ് ഹൗസാണെന്ന് വെളിപ്പെടുത്തൽ. യുക്രെയ്ൻ സൈന്യത്തിന് ലഭ്യമാകുന്ന സ്റ്റാർഷീൽഡ് സേവനങ്ങളുടെ വേഗത കുറയ്ക്കണമെന്ന് പെന്റഗൺ ഉന്നതർക്ക് നിർദ്ദേശം ലഭിച്ചതായി രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. സൈനിക ആവശ്യങ്ങൾക്കായി സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സ്റ്റാർലിങ്കിന്റെ പ്രത്യേക പതിപ്പാണ് സ്റ്റാർഷീൽഡ്.
വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളിലും ഡ്രോണുകളിലും ഘടിപ്പിച്ചിരുന്ന സ്റ്റാർഷീൽഡ് സിസ്റ്റങ്ങൾ പെട്ടെന്ന് പ്രവർത്തനം നിർത്തുകയോ കാര്യക്ഷമത കുറയുകയോ ചെയ്തതായി യുക്രെയ്ൻ സൈനിക വൃത്തങ്ങൾ ഈ ആഴ്ച പകുതിയോടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വരെയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രെയ്ൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.
അതേസമയം, ഉത്തരവ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് നേരിട്ട് ഉണ്ടായിട്ടില്ലെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്റ്റാർഷീൽഡ് സംവിധാനങ്ങൾ പൂർണ്ണമായും യു.എസ് സർക്കാരിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നിയന്ത്രണത്തിലാണെന്നും അതിന്റെ ഉപയോഗ പരിധികൾ തീരുമാനിക്കുന്നത് യു.എസ് മിലിറ്ററിയാണെന്നും സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് പ്രതികരിച്ചു. നിയന്ത്രണം കടുപ്പിച്ചതോടെ റഷ്യൻ ഷഹെദ് ഡ്രോണുകളെ പ്രതിരോധിക്കുന്നതിലും അധിനിവേശ മേഖലകളിലെ ആക്രമണങ്ങളിലും യുക്രെയ്ൻ സൈന്യത്തിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്.
റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള യു.എസിന്റെ നീക്കത്തെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പരസ്യമായി വിമർശിച്ചതും, ട്രംപ് ഉക്രെയ്നിൽ ഭരണമാറ്റം ആവശ്യപ്പെട്ടതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിട്ടുണ്ട്. ഈ തർക്കങ്ങളുടെ തുടർച്ചയായാണ് സ്റ്റാർഷീൽഡ് സേവനങ്ങൾക്ക് വൈറ്റ് ഹൗസ് തടയിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.



