കൃത്രിമമായി ലാബിൽ നിർമ്മിച്ചെടുക്കുന്ന ‘ലാബ്-ഗ്രോൺ ഡയമണ്ടുകൾക്ക്’ വിപണിയിൽ ആവശ്യക്കാരേറി വരുകയാണ്. പ്രകൃതിദത്ത ഡയമണ്ടുകളേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാണെങ്കിലും, ഇവ വാങ്ങുമ്പോൾ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡയമണ്ട് ജ്വല്ലറി ബ്രാൻഡായ ‘ഡയൈ ഡിസൈൻസിന്റെ’ സ്ഥാപക ദിഷ ഷാ ഇത് സംബന്ധിച്ച പങ്കുവച്ച നിർദ്ദേശങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഡയമണ്ട് തിരഞ്ഞെടുക്കുമ്പോൾ വലിപ്പം മാത്രം നോക്കി വാങ്ങരുത് എന്നാണ് പ്രധാന നിർദ്ദേശം. വിവിഎസ് (VVS), വിഎസ് (VS) ക്ലാരിറ്റി നിലവാരമുള്ളവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കറുപ്പോ പച്ചയോ മങ്ങിയതോ ആയ നിറവ്യത്യാസങ്ങൾ ഡയമണ്ടിൽ ഉണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ, ‘ഫ്ലൂറസെൻസ്’ പരിശോധിക്കുന്നതും പ്രധാനമാണ്.
ഡയമണ്ടിന്റെ ഗുണനിലവാരം വ്യക്തമാക്കുന്ന ഗ്രേഡിങ് റിപ്പോർട്ട് ആവശ്യപ്പെടാൻ ഒരിക്കലും മറക്കരുത്. ലാബിൽ നിർമ്മിച്ചതാണെന്ന വിവരവും നിലവാരവും ഇതിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പുനർവിൽപ്പന നടത്തുമ്പോൾ പ്രകൃതിദത്ത ഡയമണ്ടുകൾ പോലെ ഉയർന്ന തുക ലഭിക്കണമെന്നില്ല എന്നതിനാൽ ജ്വല്ലറിയുടെ എക്സ്ചേഞ്ച്, ബൈബാക്ക് നയങ്ങൾ മുൻകൂട്ടി ചോദിച്ചറിയണം. ജ്വല്ലറികളിൽ നിന്ന് ബില്ല് വാങ്ങുമ്പോൾ ഡയമണ്ടിന്റെ വിലയ്ക്ക് പുറമെ ലോഹത്തിന്റെ വില, പണിക്കൂലി, ജി.എസ്ടി എന്നിവ ഉൾപ്പെടെയുള്ള തുക വ്യക്തമാണെന്ന് ഉറപ്പുവരുത്തുക. വിശ്വസനീയമായ ഗ്രേഡിങ് റിപ്പോർട്ട് നൽകാൻ തയ്യാറാകാത്തവരിൽ നിന്നും ഡയമണ്ട് വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.



