‘ദൃശ്യം 3′ ക്ലൈമാക്സ് ചോരാതിരിക്കാൻ കൈക്കൂലി വാഗ്ദാനം വരെ! തിരക്കഥയ്ക്കായി മാറ്റിയെഴുതിയത് നൂറിലധികം പതിപ്പുകൾ!’ വൈറലായി തിരക്കഥാകൃത്തിന്റെ വെളിപ്പെടുത്തൽ

ബോക്സ് ഓഫിസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് തിയറ്ററുകളിൽ വൻ വിജയമായി മാറിയ അജയ് ദേവ്ഗൺ ചിത്രം ‘ദൃശ്യം 3: ദ് കൺക്ലൂഷൻ’ സിനിമ ലോകത്ത് വലിയ ചർച്ചയാകുന്നു. ചിത്രത്തിന്റെ കഥയും നിർണായകമായ ക്ലൈമാക്സും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനിടയിൽ, തിരക്കഥാരചനയുടെ പിന്നാമ്പുറ രഹസ്യങ്ങൾ വെളിപ്പെടുത്തി സഹതിരക്കഥാകൃത്ത് ആമിൽ കിയാൻ ഖാൻ രംഗത്തെത്തി. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒത്തൊരു ക്ലൈമാക്സ് കണ്ടെത്താൻ നൂറിലധികം ഡ്രാഫ്റ്റുകളാണ് മാറ്റിയെഴുതേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഫൈനൽ’, ‘ഫൈനൽ ഫൈനൽ’ എന്തിന് ‘ഫൈനൽ പ്ലീസ് ഗോഡ്’ എന്ന് വരെ പേരിട്ട് നൂറിലധികം പതിപ്പുകളാണ് താൻ കമ്പ്യൂട്ടറിൽ സേവ് ചെയ്തതെന്ന് ആമിൽ പറയുന്നു. സിനിമയിലെ വിജയ് സാൽഗോങ്കറെ പോലെ തന്നെ അതീവ രഹസ്യമായാണ് അണിയറപ്രവർത്തകർ ചിത്രീകരണം പൂർത്തിയാക്കിയത്. ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ പോലും ക്രൂവിലെ ഭൂരിഭാഗം പേർക്കും അതിന്റെ യഥാർത്ഥ വിവരങ്ങൾ അറിയുമായിരുന്നില്ല. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും, സ്വന്തം സുഹൃത്തുക്കളും ബന്ധുക്കൾ പോലും ക്ലൈമാക്സ് രഹസ്യം ചോർത്താൻ കൈക്കൂലി നൽകാൻ വരെ ശ്രമിച്ചതായി അദ്ദേഹം കൗതുകത്തോടെ ഓർക്കുന്നു. എന്നാൽ ഒരു സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനെപ്പോലെ താൻ നിർമാതാക്കളോട് പൂർണ വിശ്വസ്തത പുലർത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഭാഗങ്ങളുടെ വിജയവും ആരാധകരുടെ വലിയ പ്രതീക്ഷകളും ചുമലിലേറ്റിക്കൊണ്ട് മൂന്നാമതും പ്രേക്ഷകരെ അമ്പരപ്പിക്കുക എന്നത് ഞാണിന്മേൽ കളി പോലെ പ്രയാസമേറിയ കാര്യമായിരുന്നുവെന്ന് ആമിൽ പറയുന്നു. വിജയ് സാൽഗോങ്കറുടെ ഓരോ നീക്കങ്ങളെയും പ്രേക്ഷകർ ഇപ്പോൾ സംശയത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ദൃശ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ കോമഡി, കുടുംബം, വികാരം, ത്രില്ലർ എന്നീ ഘടകങ്ങളെല്ലാം കൃത്യമായി ബാലൻസ് ചെയ്ത് മൗലികമായ ഒരു തിരക്കഥ ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരൺ, പ്രകാശ് രാജ്, ജയ്‌ദീപ് അഹ്ലാവത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. കനത്ത സുരക്ഷയിലും രഹസ്യസ്വഭാവത്തിലും ഒരുക്കിയ ‘ദൃശ്യം 3’ ഇപ്പോൾ തിയറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles