ദിവസവും വീട്ടിൽ പാൽ തിളപ്പിക്കുമ്പോൾ മുകളിൽ ലഭിക്കുന്ന പാൽപ്പാട പലരും എടുത്ത് കളയാറാണ് പതിവ്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ടതില്ല. അടുക്കളയിൽ വെറുതെ പാഴായിപ്പോകുന്ന ഈ പാൽപ്പാട ഉപയോഗിച്ച് നല്ല മണവും രുചിയുമുള്ള ശുദ്ധമായ നാടൻ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കാം. കടകളിൽ നിന്ന് നെയ്യ് വാങ്ങുമ്പോൾ ഗുണനിലവാരത്തെക്കുറിച്ചും മായം കലർന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചുമെല്ലാം ആശങ്കയുള്ളവർക്ക് വീട്ടിൽ തയ്യാറാക്കുന്ന നെയ്യ് മികച്ചൊരു വഴിയാണ്. വളരെ കുറച്ച് ചേരുവകളും ലളിതമായ തയ്യാറാക്കൽ രീതിയും മാത്രം മതി രുചികരമായ നെയ്യ് സ്വന്തമായി ഉണ്ടാക്കാൻ.
പാൽപ്പാട ശേഖരിക്കാം
നെയ്യ് തയ്യാറാക്കുന്നതിനുള്ള ആദ്യപടി പാൽപ്പാട ശേഖരിക്കുകയാണ്. പാൽ തിളപ്പിച്ച ശേഷം മുകളിൽ രൂപപ്പെടുന്ന പാട മാറ്റി വൃത്തിയുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കാം. പാൽപ്പാട കേടാകാതിരിക്കാൻ അതിൽ അൽപം തൈര് ചേർക്കുന്നത് നല്ലതാണ്. ദിവസവും ചെറിയ അളവിൽ മാത്രം പാട ലഭിക്കുന്നവരാണെങ്കിൽ തുടർച്ചയായി രണ്ടാഴ്ചയോളം ഇത് ശേഖരിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യത്തിന് പാൽപ്പാട ലഭിച്ചാൽ നെയ്യ് തയ്യാറാക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
വെണ്ണ വേർതിരിച്ചെടുക്കാം
ഫ്രിഡ്ജിൽ സൂക്ഷിച്ച പാൽപ്പാട പുറത്തെടുത്ത് തണുപ്പ് മാറിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് അൽപം തണുത്ത വെള്ളമോ ഐസ് ക്യൂബുകളോ ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് അടിച്ചെടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ പാൽപ്പാടയിൽ നിന്ന് വെണ്ണ വേർപെട്ട് മുകളിൽ തെളിഞ്ഞുവരും. ഈ വെണ്ണ ശ്രദ്ധയോടെ എടുത്ത് തണുത്ത വെള്ളത്തിലേക്ക് മാറ്റുക. തണുത്ത വെള്ളത്തിൽ ഇടുന്നതോടെ വെണ്ണയ്ക്ക് നല്ല കട്ടിയും ഉറപ്പും ലഭിക്കും.
വെണ്ണയിൽ നിന്ന് നെയ്യ് തയ്യാറാക്കാം
വെണ്ണ ലഭിച്ചുകഴിഞ്ഞാൽ ഒരു പാനിൽ ഇത് മാറ്റി കുറഞ്ഞ തീയിൽ ചൂടാക്കുക. ഏകദേശം 20 മിനിറ്റോളം തുടർച്ചയായി ഇളക്കിക്കൊടുക്കണം. ചൂടാകുന്നതിനനുസരിച്ച് വെണ്ണയിലെ പാൽപ്പാടയുടെ അംശങ്ങൾ അടിയിൽ തരികളായി അടിഞ്ഞുകൂടും. ക്രമേണ മുകളിൽ തെളിഞ്ഞ മഞ്ഞനിറത്തിലുള്ള നെയ്യ് വേർപെട്ടു വരുന്നതും കാണാം. നന്നായി മൂപ്പിച്ചെടുത്ത ശേഷം തീ അണച്ച് നെയ്യ് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതോടെ വീട്ടിൽ തയ്യാറാക്കിയ ശുദ്ധമായ നാടൻ നെയ്യ് ഉപയോഗിക്കാൻ തയ്യാറാകും.
സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നെയ്യ് തയ്യാറാക്കുന്നതുപോലെ തന്നെ അത് ശരിയായ രീതിയിൽ സൂക്ഷിക്കുന്നതും പ്രധാനമാണ്. നെയ്യ് സൂക്ഷിക്കുന്ന കുപ്പിയും അത് കോരിയെടുക്കാൻ ഉപയോഗിക്കുന്ന സ്പൂണും പൂർണമായും ഉണങ്ങിയതായിരിക്കണം. ഒരു തുള്ളി വെള്ളം പോലും പാത്രത്തിൽ ഉണ്ടാകരുത്. നന്നായി മൂപ്പിച്ചെടുത്ത നെയ്യ് ഈർപ്പമില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാനാകും.
അതേസമയം, വെണ്ണ വേർതിരിച്ചെടുത്തതിന് ശേഷം ബാക്കിവരുന്ന ദ്രാവകം വെറുതെ കളയേണ്ടതില്ല. ഇത് കാച്ചിയ മോരായോ തൈരായോ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ പാൽപ്പാട മുതൽ വെണ്ണ വേർതിരിച്ച ശേഷമുള്ള ദ്രാവകം വരെ പാഴാക്കാതെ ഉപയോഗപ്പെടുത്താം. വീട്ടിൽ തന്നെ കുറഞ്ഞ ചെലവിൽ നല്ല മണവും രുചിയുമുള്ള നാടൻ നെയ്യ് തയ്യാറാക്കാൻ ഈ രീതി പരീക്ഷിക്കാവുന്നതാണ്.



