റിയാദ്: സൗദി അറേബ്യയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്ത് കഴിയുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാരോടും ജാഗ്രത പാലിക്കാൻ റിയാദിലെ ഇന്ത്യൻ എംബസി കർശന നിർദ്ദേശം നൽകി. സുരക്ഷ മുൻനിർത്തി അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും, അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും എംബസിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാൻ പ്രവാസികൾ തയ്യാറാകണം. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട അവിശ്വസനീയമായ വിവരങ്ങളോ ദൃശ്യങ്ങളോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വ്യാജവാർത്തകളും തെറ്റായ പ്രചാരണങ്ങളും ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
അതേസമയം, റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദ കോൺസുലേറ്റ്, അനുബന്ധ സേവന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ട്. പ്രവാസികൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സഹായങ്ങൾക്കായി 8002471234 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഔദ്യോഗിക വിവരങ്ങൾക്കായി എംബസിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകൾ മാത്രം സന്ദർശിക്കുക.



