ന്യൂഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. ഇന്ത്യയുടെ വ്യാവസായിക നയങ്ങൾ വിപണിക്ക് താങ്ങാനാവുന്നതിലും അധികം ഉൽപ്പാദന ശേഷി സൃഷ്ടിക്കുന്നുവെന്ന അമേരിക്കൻ ട്രേഡ് റെപ്രസന്റേറ്റീവിന്റെ ആരോപണം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു. യുഎസ് ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം നടത്തിയ എട്ട് മാസത്തെ അന്വേഷണത്തിന് പിന്നാലെയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം നികുതി ചുമത്താൻ വാഷിംഗ്ടൺ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ യാഥാർത്ഥ്യമായാൽ ഈ നികുതി നിരക്ക് 17 ശതമാനമായി കുറയ്ക്കുമെന്ന ഉപാധിയും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്.
അമേരിക്ക പുറത്തുവിട്ട 189 പേജുള്ള റിപ്പോർട്ടിൽ ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് തുടങ്ങിയ ഇന്ത്യയുടെ അഭിമാന പദ്ധതികളെയാണ് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. ഈ പദ്ധതികൾ വഴി ഇന്ത്യ അമിതമായി ഉൽപ്പാദനം നടത്തുന്നത് ആഗോള വിപണിയെയും അമേരിക്കൻ വ്യാപാരത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നാണ് വാഷിംഗ്ടണിന്റെ വാദം. എന്നാൽ രാജ്യത്തെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിർണ്ണായക അസംസ്കൃത വസ്തുക്കൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് ഇന്ത്യ ഉൽപ്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സർക്കാർ ഉത്തരവുകളല്ല, മറിച്ച് വിപണിയിലെ യഥാർത്ഥ ഡിമാൻഡും ഓർഡറുകളുമാണ് ഇന്ത്യയിലെ ഉൽപ്പാദനം നിശ്ചയിക്കുന്നതെന്നും വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
സ്റ്റീൽ, സോളാർ, ആരോഗ്യമേഖല, ഐസിടി എന്നീ മേഖലകളെയാണ് അമേരിക്കൻ അന്വേഷണ റിപ്പോർട്ട് പ്രധാനമായും പരാമർശിക്കുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ, വിപണി പ്രവേശനത്തിലെ നിയന്ത്രണങ്ങൾ, ചൈനയിൽ നിന്നുള്ള വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി എന്നിവയിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പേറ്റന്റ് നേടിയ മരുന്നുകൾ, ജനറിക് മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഘടകങ്ങൾ എന്നിവയെ ഈ നിർദ്ദിഷ്ട നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ചൈന (20%), വിയറ്റ്നാം (കരാറില്ലെങ്കിൽ 35%), ബംഗ്ലാദേശ് (18%), യൂറോപ്യൻ യൂണിയൻ (15%) തുടങ്ങി 14 സമ്പദ്‌വ്യവസ്ഥകൾക്കെതിരെയും സമാനമായ നികുതി നിർദ്ദേശങ്ങൾ അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവിൽ യുഎസ്ടിആർ നൽകിയ നോട്ടീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും, വ്യാപാര സംബന്ധമായ തർക്കങ്ങൾ നിലവിലുള്ള ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ (BTA) ചർച്ചകളിലൂടെ പരിഹരിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ഒക്ടോബറിൽ മിൽവാക്കിയിൽ നടന്ന ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്ത്യയുടെ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. 2027 ജനുവരി 5 വരെ നിർദ്ദിഷ്ട നികുതികളിന്മേൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സമയമുണ്ട്. തുടർന്ന് ജനുവരി 25-ന് ഇതുസംബന്ധിച്ച ഹിയറിംഗുകൾ ആരംഭിക്കും. വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കി കയറ്റുമതി മേഖലയ്ക്ക് മേലുള്ള അധിക നികുതി ഭാരം ഒഴിവാക്കാനാണ് ന്യൂഡൽഹി ഇപ്പോൾ ശ്രമിക്കുന്നത്.



