തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയേക്കില്ലെന്ന് വിവരം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് നേരിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് സൂചന. പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം കേസെടുക്കാമെന്ന സർക്കാർ നിലപാട് ഹൈക്കോടതി തള്ളിയാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കത്തുകളും തെളിവുകളും പരിശോധിച്ച് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ നേരിട്ട് എഫ്.ഐ.ആർ. ഇടാൻ സർക്കാർ തയ്യാറായിരുന്നില്ല. പകരം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) പ്രാഥമികാന്വേഷണത്തിനായി ചുമതലപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ ഈ എസ്.ഐ.ടി. രൂപീകരണ ഉത്തരവ് ഹൈക്കോടതി ഇന്ന് പൂർണമായും റദ്ദാക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് വിജിലൻസ് അന്വേഷണം ഏറ്റെടുക്കണമെന്നാണ് കോടതിയുടെ കർശന നിർദ്ദേശം.
വീണയ്ക്ക് ലഭിച്ച പണം പിണറായിക്കുള്ള കൈക്കൂലിയായി കണക്കാക്കാമെന്ന നിയമോപദേശം പൂർണ്ണമായി തള്ളിക്കളഞ്ഞാണ് സർക്കാർ നേരത്തെ പ്രാഥമികാന്വേഷണത്തിന് മുതിർന്നത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ ചർച്ച ചെയ്തെടുത്ത ഈ തീരുമാനമാണ് ഇപ്പോൾ കോടതി ഇടപെടലിലൂടെ പൊളിഞ്ഞത്. ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാവില്ലെന്ന സർക്കാർ വാദം ഹൈക്കോടതി തള്ളിയതോടെ രാഷ്ട്രീയമായി പ്രതിരോധത്തിലായത് യു.ഡി.എഫാണ്. അതേസമയം, പിണറായിക്കെതിരായ ഇ.ഡി. നീക്കവും കോടതിയുടെ ഇടപെടലും സി.പി.എമ്മിനെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആവർത്തിക്കുന്ന ഭരണപക്ഷം, ഡയറിയിൽ പേരുള്ള മറ്റ് പ്രമുഖരിലേക്കും അന്വേഷണം നീളുമോ എന്ന വെല്ലുവിളിയെയും അഭിമുഖീകരിക്കുന്നുണ്ട്.



