ഡൽഹി ജന്തർമന്തറിൽ നടത്താൻ നിശ്ചയിച്ച പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ.എൻ. ബാലഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിക്കാതെ ദില്ലി പൊലീസ് നഗരത്തിൽ വട്ടം കറക്കിയതായി പരാതി. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും കൃത്യമായ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ പൊലീസ് തങ്ങളെ കറക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.
നഗരം ചുറ്റിച്ച ശേഷം ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും, അവിടെ ചുരുങ്ങിയ സമയംമാത്രം നിർത്തിയ ശേഷം വീണ്ടും മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടക്കാനിരുന്ന സമരത്തെത്തുടർന്ന് ഡൽഹിയിൽ വലിയ തോതിലുള്ള പൊലീസ് സന്നാഹവും കർശന നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കാനെത്തിയ വിവിധ രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും വിവിധയിടങ്ങളിൽ നിന്നായി പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പോലും ഭയപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഎമ്മും മറ്റ് പ്രതിപക്ഷ കക്ഷികളും ശക്തമായി പ്രതികരിച്ചു.



