തിരുവനന്തപുരം : മാസപ്പടി, ഹവാല ആരോപണങ്ങളിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് തിങ്കളാഴ്ച കേസെടുത്തേക്കുമെന്ന് സൂചന. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. കഴിഞ്ഞ ദിവസം പുറത്തുവന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരമായിരിക്കും കേസെടുക്കുന്നത്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം ആവശ്യമില്ലെന്നും പകരം നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി ഉത്തരവ് വിജിലൻസ് ആസ്ഥാനത്ത് നിയമോപദേശകർ പരിശോധിച്ച് വരികയാണ്.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ നടപടിക്രമങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ സാധ്യതയുള്ളതിനാൽ വിജിലൻസ് അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഇതിനിടയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നിയമപരമായ നീക്കങ്ങളും പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.



