ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആർ നടപടികൾക്കെതിരെയും തെളിവുകളില്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് രാജ്യത്തെ 124 മുൻ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ രംഗത്ത്. ഇന്ത്യൻ പൗരന്മാർക്കായി എഴുതിയ തുറന്ന കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെയും ഭരണഘടനാപരമായ വിശ്വസ്തതയെയും പൂർണ്ണമായി പിന്തുണയ്ക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മതിയായ തെളിവുകളില്ലാതെ വോട്ടെടുപ്പിൽ കൃത്രിമം നടക്കുന്നു എന്ന് ആരോപിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ബൂത്ത് പിടുത്തം, ബാലറ്റ് പെട്ടി തിരിമറി, കടുത്ത തെരഞ്ഞെടുപ്പ് അക്രമങ്ങൾ എന്നിവ നിറഞ്ഞ പഴയ കാലഘട്ടത്തിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയതായി മുൻ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പോളിംഗ് ഏജന്റുമാർ, ഇവിഎം സീലിംഗ്, സ്ട്രോങ് റൂം സുരക്ഷ, വിവിപാറ്റ് പരിശോധന തുടങ്ങി ബഹുതല സുരക്ഷാ പരിശോധനകളും മുൻകരുതലുകളും നിലവിലുണ്ട്. 1951-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വോട്ടെടുപ്പ് രേഖപ്പെടുത്തുകയും ഒരു ബൂത്തിൽ പോലും റീ-പോളിംഗ് നടത്തേണ്ടി വരാതിരിക്കുകയും ചെയ്ത ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവ ഇതിന് തെളിവാണെന്ന് ഉദ്യോഗസ്ഥർ കത്തിൽ വ്യക്തമാക്കുന്നു.
“നിങ്ങൾ ജയിക്കുമ്പോൾ സിസ്റ്റം സത്യസന്ധവും, തോൽക്കുമ്പോൾ കൃത്രിമം നടന്നതായും മാറുന്നത് അംഗീകരിക്കാനാകില്ല” എന്ന് കത്ത് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിൽ തന്നെയാണ് കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും തോൽവി നേരിടേണ്ടി വന്നതെന്നും 2024-ൽ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതെന്നും ഓർമ്മിപ്പിച്ചാണ് ഉദ്യോഗസ്ഥ സംഘം ആരോപണങ്ങളുടെ രാഷ്ട്രീയ ചോദ്യം ഉന്നയിച്ചത്.



