കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാസപ്പടി-ഹവാല ഇടപാടുകളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവരെ പ്രതികളാക്കി വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമവും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി വിജിലൻസ് ദ്രുതഗതിയിൽ നടപടി സ്വീകരിച്ചത്. മാസപ്പടിയുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയപ്പോൾ, രണ്ടാം അഴിമതി കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതിസ്ഥാനത്തുള്ളത്; ഇരു കേസുകളിലും വീണ വിജയനെ രണ്ടാം പ്രതിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാസപ്പടി കേസിൽ മാത്രമാണ് പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്.
അതിനിടെ വിജിലൻസ് നടപടിക്കെതിരെ അതിവേഗം ഹൈക്കോടതിയെ സമീപിച്ച് നിയമപരമായ തിരിച്ചടി നൽകാനാണ് പിണറായി വിജയന്റെ നീക്കം. തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിൽ ഇന്ന് തന്നെ അപ്പീൽ നൽകാനാണ് നീക്കം. രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പ്രത്യേക ഹർജി സമർപ്പിക്കും. ഉത്തരവിലെ നിരീക്ഷണങ്ങൾ വ്യക്തിപരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ലളിതാകുമാരി കേസിലെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് സിംഗിൾ ബെഞ്ചിന്റെ ഇടപെടലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനം.



