കേരളം കണ്ട മറ്റൊരു വിലകുറഞ്ഞ രാഷ്ട്രീയ നാടകത്തിനാണ് ഇപ്പോൾ പത്തനംതിട്ടയിലെ അടൂർ സാക്ഷ്യം വഹിച്ചിരിക്കുന്നത്. കണ്ണൂരിലെ ചോരക്കറ പുരണ്ട രാഷ്ട്രീയ അതിക്രമങ്ങളുടെ കുപ്രസിദ്ധി പേറുന്ന പി. ജയരാജൻ എന്ന സിപിഎം നേതാവ്, ഇപ്പോൾ അടൂരിൽ വന്നിരുന്ന് പൊലീസിനെയും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നിയമവാഴ്ചയെക്കുറിച്ചും ക്രമസമാധാനത്തെക്കുറിച്ചും ക്ലാസെടുക്കുന്നു. ശ്രീനാദേവി കുഞ്ഞമ്മയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആളാവാൻ പോയ ജയരാജൻ ഒടുവിൽ കുഴിയിൽ ആയിരിക്കുന്നത്. അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും അവിടെ അക്രമം നടക്കുകയാണെന്നും പറഞ്ഞ് ആക്രോശിക്കാൻ പി. ജയരാജന് എന്ത് ധാർമ്മിക അവകാശമാണുള്ളത്
യഥാർത്ഥത്തിൽ സ്വന്തം പാർട്ടിയുടെ ഭരണവും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലം മുതലേ ആഭ്യന്തര വകുപ്പും കേരള പൊലീസും അനുഭവിച്ച സമ്പൂർണ്ണ തകർച്ചയുടെ തുടർച്ചയുമല്ലേ ജയരാജൻ ഇവിടെ സ്വയം തുറന്നു സമ്മതിച്ചിരിക്കുന്നത്? പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഭരിച്ച കാലത്ത് കേരള പൊലീസ് എത്രത്തോളം നിർവീര്യമാക്കപ്പെട്ടു എന്നതിന്റെ തുടർച്ചയെയാണ് ഇന്ന് സിപിഎം നേതാക്കൾ തന്നെ വിളിച്ചു പറയുന്നത്. കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ കയറി ആക്രമണം നടത്തി, പൊലീസുകാരെ തല്ലി എന്നൊക്കെ കഥകൾ മെനയുമ്പോൾ, പൊലീസ് സ്റ്റേഷനുകൾ കയ്യേറിയും റെഡ് വോളന്റിയർമാരെ അഴിച്ചുവിട്ടും പ്രാദേശിക ഏഴാം കൂലി നേതാക്കൾ പോലീസിനെ ഭീഷണിപ്പെടുത്തിയ നാറിയ കഥകൾ ജയരാജൻ മറന്നു പോവുകയാണോ എന്നറിയില്ല.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ പാർട്ടി കോടതികൾ സ്ഥാപിച്ച് സ്വന്തം നീതി നടപ്പാക്കിയ ചരിത്രമുള്ളവരാണ് ഇന്ന് നീതിബോധത്തെക്കുറിച്ച് സംസാരിക്കുന്നത്. കണ്ണൂരിലെ പൊലീസ് സ്റ്റേഷനുകളിൽ കാക്കിധാരികളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ശീലിച്ചവർക്ക്, ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും കുറുവാ സംഘം എന്ന് വിളിച്ച് ആക്ഷേപിക്കാൻ നാണമില്ലേ? അടൂരിലെ ജനപ്രതിനിധികളെയും വനിതാ നേതാക്കളെയും ലക്ഷ്യമിട്ട് അസത്യ പ്രചാരണങ്ങൾ അഴിച്ചുവിടുമ്പോൾ ജയരാജൻ സ്വന്തം പാർട്ടിയുടെ അടിത്തറയിളകിയ അപചയത്തെയാണ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ‘കണ്ടാലറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവരാണ്’ എന്ന് ഭീഷണി സ്വരത്തിൽ പറയുന്ന ജയരാജൻ, ഇപ്പോഴും പഴയ കണ്ണൂർ മോഡൽ ക്വട്ടേഷൻ രാഷ്ട്രീയത്തിന്റെ ചിന്താഗതിയിൽ നിന്ന് അല്പം പോലും മാറിയിട്ടില്ല എന്ന് സ്വയം തെളിയിക്കുകയാണ്. അധികാരം കൈവശമുണ്ടായിരുന്നതിന്റെ ഹുങ്കിൽ എതിർ ശബ്ദങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയും ജയരാജനും കണ്ട വ്യാമോഹം മാത്രമായിരുന്നു.
അടൂരിലെ ക്രമസമാധാന നില തകരുമെന്നും അതിന് പൊലീസ് മാത്രമായിരിക്കും ഉത്തരവാദിയെന്നും മുന്നറിയിപ്പ് നൽകുന്നതിലൂടെ ആർക്കാണ് ജയരാജൻ ഭീഷണി ഉയർത്തുന്നത്?
പിണറായി വിജയന്റെ ഭരണകാലത്ത് കേരളത്തിലെ ആഭ്യന്തര വകുപ്പ് എത്രത്തോളം നാഥനില്ലാക്കളരിയായി മാറിയിരുന്നു എന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം. സാധാരണക്കാരന് സ്റ്റേഷനിൽ ചെന്നാൽ നീതി കിട്ടാത്ത, എകെജി സെന്ററിൽ നിന്നും ലോക്കൽ കമ്മിറ്റിയിൽ നിന്നും ഉത്തരവ് വന്നാൽ മാത്രം ഫയലുകൾ നീങ്ങുന്ന ഒരു ദുരവസ്ഥയിലേക്ക് പൊലീസ് സംവിധാനത്തെ തരംതാഴ്ത്തിയത് പിണറായി വിജയന്റെ നയങ്ങളാണ്. എന്നിട്ടാണ് ഇപ്പോൾ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി കോൺഗ്രസിനെതിരെയും യുഡിഎഫിനെതിരെയും കള്ളക്കഥകൾ പടച്ചുവിടുന്നത്.
മുൻ ജനപ്രതിനിധികളെയും നിലവിലെ ജനപ്രതിനിധികളെയും വ്യക്തിഹത്യ നടത്തുകയും സ്ത്രീവിരുദ്ധമായ പരാമർശങ്ങളിലൂടെ വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ സ്ഥിരം രാഷ്ട്രീയ ജീർണ്ണത തന്നെയാണ് ജയരാജൻ അടൂരിലും പുറത്തെടുത്തിരിക്കുന്നത്. സ്വന്തം തട്ടകത്തിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയും ഗ്രൂപ്പ് പോരുകളും തുറന്നുകാട്ടപ്പെടുമ്പോൾ, ജനശ്രദ്ധ തിരിക്കാൻ മറ്റ് ജില്ലകളിൽ പോയി ഇത്തരം തരംതാണ പ്രസ്താവനകൾ ഇറക്കുക എന്നത് ജയരാജന്റെ സ്ഥിരം അടവാണ്. അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി വേഷം കെട്ടി എത്തുമ്പോൾ ഈ നാട് പുച്ഛത്തോടെയാണ് നോക്കി കാണുന്നത്.
നിയമത്തെയും ഭരണഘടനയെയും തരിമ്പും മാനിക്കാത്തവർ, തോക്കിൻമുനയിലും വടിവാളിൻ തുമ്പിലും രാഷ്ട്രീയം പയറ്റി ശീലിച്ചവർ, അടൂരിൽ വന്ന് കോൺഗ്രസിനെ കുറ്റവാളികളാക്കാൻ ശ്രമിക്കുകയാണ്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല എന്ന് പറയേണ്ടവർ, ജനപ്രതിനിധികളെ അധിക്ഷേപിക്കുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. സ്വന്തം പാർട്ടിയുടെ കൊലവിളി രാഷ്ട്രീയവും മുൻ ഭരണാധികാരി പിണറായി വിജയൻ വരുത്തിവെച്ച ആഭ്യന്തര തകർച്ചയും മറച്ചുവെക്കാൻ എതിരാളികളുടെ മേൽ കുതിര കയറുന്ന സിപിഎമ്മിന്റെയും പി. ജയരാജന്റെയും ഈ ഇരട്ടത്താപ്പിന് കേരളത്തിലെ പ്രബുദ്ധരായ ജനം ശക്തമായ മറുപടി നൽകുക തന്നെ ചെയ്യും.



