കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്.
കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിലപാട് സ്വീകരിച്ചിട്ടുള്ളത്. അഴിമതിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി ശേഖരിച്ച വിവരങ്ങൾ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച ഇ.ഡി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, പ്രാഥമിക പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആദ്യഘട്ടത്തിൽ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലെന്നുമാണ് സർക്കാരിന്റെ വാദം.
അതേസമയം, മാസപ്പടി കേസിൽ ഇ.ഡിയുടെ നിയമനടപടികൾ ശക്തമാകുന്നതിനിടയിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാനുള്ള തയ്യാറെടുപ്പിലാണ് സി.പി.എം. കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ദേശീയതലത്തിലെ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ ഒക്ടോബർ പകുതിയോടെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് പാർട്ടി തീരുമാനം.



