സ്റ്റോക്ക്‌ഹോം: 2026-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം കനേഡിയൻ കവയിത്രിയും എഴുത്തുകാരിയുമായ ആൻസ് കാർസണിന്. ക്ലാസിക്കൽ പാരമ്പര്യത്തോടുള്ള സർഗ്ഗാത്മക സംഭാഷണത്തിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ സൃഷ്ടിച്ച, ധീരവും നൂതനവുമായ സാഹിത്യ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. 1.2 ദശലക്ഷം യു.എസ് ഡോളറാണ് പുരസ്കാര തുക.
കവിത, ഗദ്യം, സംഭാഷണം, വിവർത്തനം എന്നിവയെല്ലാം ഇടകലർത്തിയുള്ള സവിശേഷ രചനാശൈലിയാണ് ആൻസ് കാർസണിന്റേത്. ക്ലാസിക്കൽ ഗ്രീക്ക് സാഹിത്യത്തിന്റെ വിവർത്തനങ്ങളിലൂടെ പ്രശസ്തയായ ഇവരുടെ കൃതികളിൽ അതിന്റെ സ്വാധീനം പ്രകടമാണ്. ഒപ്പേറ ലിബ്രെറ്റി മുതൽ സാഹിത്യ വിമർശനങ്ങളും ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്’ (1998) പോലുള്ള വെർസ് നോവലുകളും ഇവർ രചിച്ചിട്ടുണ്ട്. യൂറിപിഡീസിന്റെ ‘ഹെലൻ’ എന്ന നാടകത്തിലെ കഥയും മെർലിൻ മൺറോയുടെ ജീവിതവും സമന്വയിപ്പിച്ച് 2019-ൽ പുറത്തിറക്കിയ ‘നോർമ ജീൻ ബേക്കർ ഓഫ് ട്രോയ്’ ഇവരുടെ രചനാശൈലിയുടെ മികച്ച ഉദാഹരണമാണ്.
അലക്സാണ്ടർ സോൾഷെനിത്സിൻ, ആലീസ് മൺറോ, ഏണസ്റ്റ് ഹെമിങ്വേ തുടങ്ങിയ പ്രമുഖരുടെ നിരയിലേക്കാണ് ആൻസ് കാർസണും ഇപ്പോൾ കടന്നുവരുന്നത്. ആൽഫ്രഡ് നോബലിന്റെ വിയൽപ്രകാരം സാഹിത്യം, ശാസ്ത്രം, സമാധാനം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് 1901 മുതൽ ഈ പുരസ്കാരം നൽകിവരുന്നത്. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർകായ് ആയിരുന്നു കഴിഞ്ഞ വർഷത്തെ സാഹിത്യ നൊബേൽ ജേതാവ്.



