ലോകത്തെ ആശങ്കയിലാഴ്ത്തി അതിശക്തമായ എൽ നിനോ പ്രതിഭാസം അമ്പരപ്പിക്കുന്ന തരത്തിൽ വ്യാപിക്കുന്നതായി കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസങ്ങളിലൊന്നായി ഈ വർഷത്തെ സാഹചര്യം മാറാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം എൽ നിനോ പ്രതിഭാസം ഇരട്ടിയാക്കുമെന്ന് യു.എൻ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. ശാന്തസമുദ്രം വലിയ അളവിൽ ചൂട് പുറത്തുവിടുന്നതിനാൽ ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അസാധാരണമായ ഉഷ്ണത അനുഭവപ്പെടും.
വരുന്ന ഫെബ്രുവരി വരെ എൽ നിനോ പ്രതിഭാസം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ താപനില സാധാരണയേക്കാൾ 3.4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ടെന്നും, ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞനായ സീക്ക് ഹൗസ്ഫാദർ വ്യക്തമാക്കി. ‘സൂപ്പർ-ഡൂപ്പർ എൽ നിനോ’ എന്നാണ് മറ്റൊരു കാലാവസ്ഥാ വിദഗ്ധനായ ലിയോൺ സിമൻസ് ഇതിനെ വിശേഷിപ്പിച്ചത്. 2026-ന്റെ അവസാന മാസങ്ങളിൽ ലോകത്തിന്റെ വലിയൊരു ഭാഗത്ത് സമുദ്രോപരിതല താപനില സാധാരണയേക്കാളും വളരെ കൂടുതലായിരിക്കുമെന്ന് ഡബ്ല്യു.എം.ഒ പ്രവചിക്കുന്നു.
ലോകമെമ്പാടും താപനില ഉയരുന്നതിനും മഴയുടെ ലഭ്യതയിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നതിനും എൽ നിനോ കാരണമാകാറുണ്ട്. ഇത് ചില പ്രദേശങ്ങളിൽ രൂക്ഷമായ വരൾച്ചയ്ക്കും മറ്റ് ചിലയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കും വഴിയൊരുക്കും. ഈ വർഷത്തെ അതിശക്തമായ എൽ നിനോ പ്രതിഭാസം മൂലം ലോകവ്യാപകമായി ആരോഗ്യപരവും പാരിസ്ഥിതികവുമായ വലിയ വെല്ലുവിളികൾ ഉണ്ടാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.



