‘പഴയ യുഡിഎഫ് ആയി മാറാനല്ല ജനങ്ങൾ വോട്ട് ചെയ്തത്, നന്നായി ഭരിച്ചാൽ വീണ്ടും യുഡിഎഫ് വരും…മുഖം നന്നായാൽമാത്രം പോര ഉള്ളും നന്നാവണം’ തുറന്നടിച്ച് ജി. സുധാകരൻ

കോഴിക്കോട് : കേരള രാഷ്ട്രീയത്തിലെ ഇരുമുന്നണികളിലെയും ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് തുറന്നടിച്ചുകൊണ്ട് ജി. സുധാകരൻ എംഎൽഎ രംഗത്തെത്തി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് യുഡിഎഫിലെ പരസ്യപോരിനെയും സിപിഎമ്മിലെ ജയരാജൻ വിവാദത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. പഴയ യുഡിഎഫ് ആയി മാറാനല്ല ജനങ്ങൾ വോട്ട് നൽകിയതെന്നും, ജനങ്ങൾ നൽകിയ മാൻഡേറ്റിന് അനുസരിച്ച് മികച്ച ഭരണം കാഴ്ചവെക്കാനാണ് മുന്നണി ശ്രമിക്കേണ്ടതെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.

രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങളാണ് യുഡിഎഫ് അധികാരത്തിലെത്താൻ വഴിയൊരുക്കിയതെന്ന് ജി. സുധാകരൻ അഭിപ്രായപ്പെട്ടു. സതീശനും വേണുഗോപാലും കഴിവുള്ള നേതാക്കളാണ്. നിലവിലെ സർക്കാർ നന്നായി ഭരിച്ചാൽ അടുത്ത തവണയും യുഡിഎഫിന് തന്നെ തുടർഭരണം ലഭിക്കും. അപ്പോൾ രമേശ് ചെന്നിത്തലക്കോ കെ.സി. വേണുഗോപാലിനോ ആർക്കു വേണമെങ്കിലും മുഖ്യമന്ത്രിയാകാം. എന്നാൽ, പുറമെയുള്ള മുഖം നന്നായാൽ മാത്രം പോരാ, ഉള്ളും നന്നാവണമെന്നും അദ്ദേഹം യുഡിഎഫ് നേതൃത്വത്തെ ഉപദേശിച്ചു.

ഇതോടൊപ്പം സിപിഎമ്മിൽ നടക്കുന്ന ജയരാജൻ വിവാദത്തിലും സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കി. പാർട്ടി സെക്രട്ടേറിയറ്റിൽ നടന്ന അതീവ രഹസ്യമായ കാര്യങ്ങൾ എങ്ങനെയാണ് പുറത്തുവന്നതെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയിലെ നിലവിലെ ആഭ്യന്തര സ്ഥിതി ഇപ്പോൾ എല്ലാവർക്കും വ്യക്തമായിരിക്കുകയാണ്. ഇത്തരം പ്രവണതകൾ കണ്ടതുകൊണ്ടാണ് താൻ പാർട്ടി വിട്ട് പുറത്തുവന്നതെന്നും, തന്റെ ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും സുധാകരൻ പറഞ്ഞു.

രണ്ട് ജയരാജന്മാരും തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികൾ വെറും പതിവ് പ്രസ്താവനകൾ മാത്രമാണെന്ന് പരിഹസിച്ചു. കേരളത്തിലെ സിപിഎമ്മിൽ തന്നെക്കാൾ സീനിയറായി പിണറായി വിജയൻ മാത്രമാണുള്ളത്. എന്നാൽ പിണറായി തന്നെ ആക്ഷേപിച്ചുവെന്നും അതിനുള്ള മറുപടി അദ്ദേഹത്തിന് ലഭിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 29,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, അറിവുള്ള ആളുകളെ വളർത്തുന്നതിന് പകരം ചില നേതാക്കൾ പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടത്തുന്നതെന്നും രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles