ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഡൽഹി പോലീസ്. മൈതാനത്ത് ഒരേസമയം പങ്കെടുക്കാവുന്നവരുടെ എണ്ണം 50,000 ആയി പരിമിതപ്പെടുത്താനും പരിപാടികളുടെ സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയായി നിജപ്പെടുത്താനും നിർദ്ദേശിക്കുന്ന പുതിയ കരട് മാർഗ്ഗരേഖ പോലീസ് തയ്യാറാക്കി. സെൻട്രൽ ഡൽഹിയിലെ ഈ പ്രധാന വേദിയിൽ നടക്കുന്ന പരിപാടികൾക്ക് കൃത്യമായ സുരക്ഷാ-ഭരണക്രമീകരണങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കരട് മാർഗ്ഗരേഖ അന്തിമ അനുമതിക്കായി ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെന്നും പ്രാഥമിക ഘട്ടത്തിലുള്ള ഈ നിർദ്ദേശങ്ങളിൽ ഉന്നത അധികൃതരുടെ പരിശോധനയ്ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പുതിയ നിർദ്ദേശപ്രകാരം, പോലീസ് അനുമതിക്കായി അപേക്ഷിക്കുന്നതിന് മുൻപ് വേദിയുടെ ലഭ്യത സംബന്ധിച്ച് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ നിന്ന് സംഘാടകർ ക്ലിയറൻസ് വാങ്ങിയിരിക്കണം. പരിപാടി നടക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
സമ്മേളനത്തിനെത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിംഗ്, ആളുകളെ ഇറക്കുന്നതിനുള്ള പ്രത്യേക പോയിന്റുകൾ എന്നിവ ട്രാഫിക് പോലീസുമായി ഏകോപിപ്പിച്ച് ക്രമീകരിക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമായിരിക്കും. റോഡുകളിലും അടിയന്തര വാഹനങ്ങൾ കടന്നുപോകേണ്ട പാതകളിലും യാതൊരുവിധ തടസ്സവും ഉണ്ടാകുന്നില്ലെന്ന് സംഘാടകർ ഉറപ്പുവരുത്തണം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തോക്കുകൾ, വാളുകൾ, കുന്തങ്ങൾ, മൂർച്ചയുള്ള ആയുധങ്ങൾ തുടങ്ങിയ നിരോധിത വസ്തുക്കൾ മൈതാനത്തേക്ക് കൊണ്ടുവരുന്നതിന് കർശന വിലക്കുണ്ടാകും. മൈതാനത്തിന്റെ പരിസരത്ത് ഡ്രോണുകൾ പറത്തുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനുപുറമെ, പരിപാടിക്കെത്തുന്നവർക്ക് കുടിവെള്ളം, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, ശുചിമുറികൾ, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ എന്നിവ ഒരുക്കേണ്ടതും സംഘാടകരുടെ ചുമതലയായിരിക്കും. ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പുതിയ മാർഗ്ഗരേഖ പ്രാബല്യത്തിൽ വരുകയുള്ളൂ.



