ഈ സതീശനെയാണ് ഞങ്ങൾക്കിഷ്ടം !വിജയന്റെ നുണകൾ പൊട്ടിച്ച് കൈയ്യിൽ കൊടുത്തു

സംസ്ഥാനത്ത് വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അക്കമിട്ട് മറുപടി നല്‍കിയിരിക്കയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.വസ്തുതകള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചല്‍ പ്രദേശ് യൂണിറ്റിന് പതിനാലര രൂപയ്ക്ക് ഓഫര്‍ ചെയ്ത കരാര്‍ പിന്നീട് പന്ത്രണ്ടര രൂപയായി കുറച്ചു എന്നാണ്. എന്നാല്‍ ഈ വാദം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഫയലില്‍ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്. ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ പന്ത്രണ്ടര രൂപയെന്ന നിരക്ക് സ്ഥിരീകരിച്ചതായി കണക്കാക്കാനാകില്ലെന്നാണ് ഒക്ടോബര്‍ ഇരുപത്തിയൊമ്പതിന് രേഖപ്പെടുത്തിയ കുറിപ്പിലുള്ളത്. അങ്ങനെയൊരു ഉറപ്പ് ഹിമാചല്‍ അധികൃതര്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയിട്ടുമില്ല. ബോര്‍ഡിന് പോലും ലഭിക്കാത്ത ഇത്തരമൊരു ശുപാര്‍ശ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് കിട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കണം.

ഹിമാചല്‍ കരാര്‍ പി.ടി.സി എന്ന ഇടനിലക്കാര്‍ വഴിയാണെന്ന കാര്യവും അവരുടെ മാര്‍ജിന്‍ കൂടി ചേര്‍ത്താണ് പതിനാലര രൂപ നിശ്ചയിച്ചതെന്ന വസ്തുതയും പ്രതിപക്ഷം മറച്ചുവെക്കുകയാണ്. രാജസ്ഥാന്‍ റെഗുലേറ്ററി കമ്മിഷന്റെ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. രാജസ്ഥാന് പതിനഞ്ചര രൂപയ്ക്ക് നല്‍കാമെന്നേറ്റ വൈദ്യുതി എങ്ങനെയാണ് ഹിമാചല്‍ കേരളത്തിന് പന്ത്രണ്ടര രൂപയ്ക്ക് നല്‍കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. ഹിമാചലിന്റെ പഴയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ജി.എന്‍.എയാണ് മികച്ചതെന്ന് പ്രതിപക്ഷ നേതാവ് തന്നെ മുന്‍പ് സമ്മതിച്ചിട്ടുള്ളതാണ്. ഹിമാചല്‍ കെ.എസ്.ഇ.ബിക്ക് ഒറ്റ നിരക്കു മാത്രമാണ് നല്‍കിയിട്ടുള്ളത്. അതില്‍ പഴയ നിരക്കെന്നോ പുതിയ നിരക്കെന്നോ വേര്‍തിരിവുകളില്ല.

ജി.എന്‍.എ ഒരു ഉല്‍പാദന കമ്പനിയല്ലെന്ന് ഇപ്പോള്‍ കുറ്റപ്പെടുത്തുന്ന ഇതേ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആ സ്ഥാപനത്തില്‍ നിന്ന് പലവട്ടം വൈദ്യുതി വാങ്ങിയിട്ടുള്ളത്. അന്ന് വാങ്ങിയതിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. തെറ്റായ വിവരങ്ങള്‍ എഴുതി നല്‍കി പ്രതിപക്ഷ നേതാവിനെ ആരോ മനപൂര്‍വ്വം നാണം കെടുത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും കൃത്രിമ പ്രതിസന്ധി ഉണ്ടാക്കിയതാണെന്നുമുള്ള ആരോപണവും തെറ്റാണ്. കുറഞ്ഞ മഴയും ജലവൈദ്യുതി ഉത്പാദനത്തിലെ ഇടിവും കാരണം വലിയ പ്രതിസന്ധിയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിഹരിച്ചില്ലെങ്കില്‍ കടുത്ത പവര്‍കട്ട് വേണ്ടിവരുമെന്ന് ഫയലില്‍ വ്യക്തമായിരുന്നു. സെപ്തംബറില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വന്നതും ഒക്ടോബറില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് അത് മറികടന്നതെന്നും എല്ലാവര്‍ക്കും അറിയാം. ഓപ്പണ്‍ ടെന്‍ഡര്‍ വഴി വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ പവര്‍കട്ട് ഒഴിവാക്കാന്‍ മുന്നിലുള്ള കരാറുകളില്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടത് കെ.എസ്.ഇ.ബിയാണ്. മുഖ്യമന്ത്രി ആ ഫയലിലെ സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങള്‍ പരിശോധിച്ചാണ് അന്തിമ തീരുമാനമെടുത്തത്.

വിപണിയില്‍ അഞ്ചു രൂപയ്ക്ക് വൈദ്യുതി ലഭിച്ചാല്‍ ജി.എന്‍.എയ്ക്ക് മൂന്നര രൂപ അധികം നല്‍കേണ്ടി വരുമെന്നാണ് പ്രതിപക്ഷ വാദം. അങ്ങനെയെങ്കില്‍ ഹിമാചലിന് ഒന്‍പതര രൂപ അധികം നല്‍കേണ്ടി വരുമെന്ന കാര്യം ഇവര്‍ എന്തുകൊണ്ട് മിണ്ടുന്നില്ല. ഇടനിലക്കാരനായ പി.ടി.സി വഴി വന്ന ഹിമാചല്‍ കരാറിനെ പ്രതിപക്ഷ നേതാവ് എന്തിനാണ് അന്ധമായി ന്യായീകരിക്കുന്നത്. രാത്രിയിലെ പീക്ക് സമയങ്ങളില്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വൈദ്യുതി ഉറപ്പാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഹിമാചല്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ജി.എന്‍.എ നല്‍കും. മാത്രവുമല്ല, പകല്‍ ലഭിക്കുന്ന അധിക വൈദ്യുതി വേനല്‍ക്കാലത്തേക്ക് ജലവൈദ്യുതി സംഭരിച്ചു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടെന്ന വാദവും തെറ്റാണ്. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചത് വൈദ്യുതി മന്ത്രി തന്നെയാണ്. ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന കടലാസുകളില്‍ കണ്ണടച്ച് ഒപ്പിടാനല്ല ജനങ്ങള്‍ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്തത്. ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് നാല് രൂപ ഇരുപത്തൊമ്പത് പൈസ നിരക്കില്‍ യു.ഡി.എഫ് ഒപ്പിട്ട ദീര്‍ഘകാല കരാര്‍ റദ്ദാക്കി എട്ട് മുതല്‍ പതിനാല് രൂപ വരെ നിരക്കില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ വഴിയൊരുക്കിയ ചരിത്രമാണ് പ്രതിപക്ഷ നേതാവിനുള്ളത്. അത്തരത്തില്‍ ജനദ്രോഹപരമായ തീരുമാനങ്ങളോ അധിക ബാധ്യതയോ ഈ സര്‍ക്കാര്‍ ഒരിക്കലും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles