തിരുവനന്തപുരം : ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്നുള്ള പിന്മാറ്റത്തിലും തുടർന്നുള്ള നീക്കങ്ങളിലും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അതൃപ്തി തുടരുന്നു. സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം ഊർജ്ജ വകുപ്പ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും ചേർന്ന് മുഖ്യമന്ത്രിയെ അറിയിച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞത്. ഇതിനൊപ്പം ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ സംശയനിഴലിലാക്കിയതിലും മന്ത്രിക്ക് കടുത്ത അമർഷമുണ്ട്. അതേസമയം, വലിയ അഴിമതിശ്രമം പിടിക്കപ്പെട്ടതുകൊണ്ടാണ് സർക്കാർ ധൃതിപിടിച്ച് കരാറിൽ നിന്ന് പിന്മാറിയതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
ജി.എൻ.എയെ ഒഴിവാക്കിയതിനൊപ്പം മുൻ ചെയർമാൻ സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സർക്കാരിനെ അറിയിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ പീക്ക് ഡിമാന്റിൽ വലിയ വർധനവുണ്ടാകുമെന്നും മുൻകൂട്ടി വൈദ്യുതി ഉറപ്പാക്കിയില്ലെങ്കിൽ വേനൽക്കാലത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്നും മുൻ ചെയർമാൻ എം. ജി. രാജമാണിക്യം ഫയലിൽ കുറിച്ചിരുന്നു. എന്നാൽ നിലവിൽ അടുത്ത ആറു മാസത്തേക്ക് പ്രതിസന്ധിയില്ലെന്നും ഹ്രസ്വകാല കരാറുകൾ ആവശ്യമില്ലെന്നുമാണ് പുതിയ കെ.എസ്.ഇ.ബി ചെയർമാന്റെ വിലയിരുത്തൽ. ഇത് കണക്കിലെടുത്ത് വരുന്ന ഏപ്രിൽ മാസം വരെ സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് വേണ്ടിവരില്ലെന്നാണ് നിലവിലെ നിഗമനം.
വരുന്ന വേനൽക്കാലത്തെ പ്രതിസന്ധി മറികടക്കാനായി മറ്റു ബദൽ മാർഗ്ഗങ്ങൾ കെ.എസ്.ഇ.ബി സജീവമാക്കിയിട്ടുണ്ട്. സിന്നാർ താപ നിലയത്തിൽ നിന്ന് മാർച്ച് മാസത്തോടെ 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ കരാർ യാഥാർത്ഥ്യമായാൽ ജനുവരിയിൽ തന്നെ 270 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചുതുടങ്ങും. സെപ്റ്റംബർ മുതൽ ലഭിച്ചുകൊണ്ടിരുന്ന 150 മെഗാവാട്ടിന്റെ അധിക കേന്ദ്ര വിഹിതം ഡിസംബർ വരെ നീട്ടി ലഭിച്ചതും നിലവിൽ കെ.എസ്.ഇ.ബിക്ക് വലിയ ആശ്വാസമായിട്ടുണ്ട്.



