തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട അഭിരാമിനെ ഒന്നാം പ്രതിയായ പതിനേഴുകാരൻ സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. അഭിരാമിനെ കൂടാതെ സുഹൃത്തിനെക്കൂടി വധിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്.
തന്റെ പെൺസുഹൃത്തായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തും ചേർന്നാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനായി ആനന്ദയുടെ ഫോണിൽ നിന്ന് സന്ദേശമയച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യാദൃശ്ചികമായി കണ്ടുമുട്ടിയെന്ന വ്യാജേന അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും മറ്റേ സുഹൃത്തിനെക്കൂടി വിളിച്ചുവരുത്താൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് പതിനേഴുകാരനും കൂട്ടുപ്രതി ഉമറും ചേർന്ന് ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
കേസിലെ മറ്റ് പ്രതികളായ ഉമർ മുഫ്താർ, ആനന്ദ, ഐശ്വര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവെടുപ്പിനിടെ താൻ നിരപരാധിയാണെന്ന് ഉമർ അവകാശപ്പെട്ടെങ്കിലും പ്രതികൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നത് അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. ഒന്നാം പ്രതിയുടെ മൊബൈൽ ഫോൺ അടക്കമുള്ള പ്രധാന തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.



