സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എന്. സുരേഷ് ബാബുവിനെ മാറ്റിയ സംഭവത്തില് ഔദ്യോഗിക വിശദീകരണങ്ങള്ക്ക് മുതിരാതെ മുതിര്ന്ന നേതാക്കള്. വിഷയത്തില് വനിതാ പ്രവര്ത്തകയുടെ ലൈംഗിക പരാതിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രമുഖ നേതാക്കളാരും വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന് മാധ്യമങ്ങളുടെ ചോദ്യങ്ങളില് നിന്ന് ഒഴിഞ്ഞുമാറിയപ്പോള്, പാലക്കാട്ടെ സംഭവങ്ങള് എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന തരത്തില് പ്രതികരിക്കാന് തോമസ് ഐസകും കെ.കെ. ശൈലജയും തയ്യാറായില്ല. ഇത് സംഘടനാപരമായ നടപടിയാണെന്നും മാധ്യമങ്ങള് ഇല്ലാത്ത കഥകള് മെനയുകയാണെന്നുമാണ് ഇ.പി. ജയരാജന്റെ പ്രതികരണം.
അതേസമയം, സുരേഷ് ബാബുവിനെതിരെ കൂടുതല് കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാനാണ് പാര്ട്ടി നേതൃത്വത്തിന്റെ ആലോചനയെന്നാണ് സൂചനകള്. യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയില് അദ്ദേഹത്തെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കുന്നത് ഉള്പ്പെടെയുള്ള കടുത്ത നടപടികള് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ ഏപ്രിലില് സംഘടനാ സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വനിതാ അഭിഭാഷകയോട് സുരേഷ് ബാബു ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പ്രധാന പരാതി. ഒരു വര്ഷത്തോളമായി ഫോണിലൂടെയും അല്ലാതെയും നിരന്തരമായ ശല്യപ്പെടുത്തലുകള് ഉണ്ടായതോടെ ഡിജിറ്റല് തെളിവുകള് സഹിതം യുവതി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നല്കുകയായിരുന്നു.
തുടക്കത്തില് വിഷയം ഒതുക്കിത്തീര്ക്കാന് ശ്രമങ്ങള് നടന്നുവെങ്കിലും യുവതി പരാതിയില് കടുത്ത നിലപാടെടുത്തതോടെയാണ് നേതൃത്വം കര്ശന ഇടപെടലിലേക്ക് കടന്നത്. പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്ന്നാണ് സുരേഷ് ബാബുവിനെതിരെ പെട്ടെന്ന് നടപടിയുണ്ടായത്. ജില്ലാ കമ്മിറ്റി ഓഫീസില് വെച്ചുണ്ടായ സംഭവം പാര്ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് മുതിര്ന്ന നേതാക്കള്. പി. ശശിക്കും ഗോപി കോട്ടമുറിയ്ക്കലിനുമെതിരെ സമാനമായ സംഭവങ്ങളില് മുണ്ടായതുപോലെയുള്ള കടുത്ത നടപടികള് സുരേഷ് ബാബുവിനെതിരേയും ഉണ്ടാകണമെന്ന ശക്തമായ ആവശ്യം പാര്ട്ടിക്കുള്ളില് ഉയരുന്നുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്ക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ വിഷയത്തില് അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



