മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഭരണ തലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ മുന്നണിയായ ഇൻഡി സഖ്യം. പാര്ലമെന്റില് നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനം ആകാശവാണി ഭവന് മുന്നില് വെച്ച് പോലീസ് തടഞ്ഞതിനെ തുടര്ന്ന് നേതാക്കള് റോഡില് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന ഖാര്ഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല് തുടങ്ങിയ മുതിര്ന്ന നേതാക്കള് മാര്ച്ചില് അണിനിരന്നു. ബിജു ജനതാദളും സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവും പ്രക്ഷോഭത്തിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ബാരിക്കേഡുകള്ക്ക് മുന്നില് പ്രവര്ത്തകര് പ്രതിഷേധവുമായെത്തിയതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് വന് പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇതുവരെ വിവിധ യുവജന-വിദ്യാര്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്ന പ്രതിഷേധമാണ് ഇപ്പോള് കോണ്ഗ്രസും ‘ഇന്ത്യാ’ സഖ്യവും നേരിട്ട് ഏറ്റെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്ട്ടികളുടെ തീരുമാനം എന്നാണ് വിവരം.



