വ്യത്യസ്തമായ രുചികളുള്ള പാനീയങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ പാഷൻ ഫ്രൂട്ട് കോഫി ഒന്ന് പരീക്ഷിച്ചുനോക്കാം. കാപ്പിയുടെ കടുപ്പവും പാഷൻ ഫ്രൂട്ടിന്റെ പുളിയും മധുരവും ഒരുമിക്കുന്ന ഈ പാനീയം രുചിയിൽ മാത്രമല്ല, കാഴ്ചയിലും ഏറെ ആകർഷകമാണ്. സാധാരണ കോഫിയിൽ നിന്ന് വ്യത്യസ്തമായി ഒരു ട്രോപ്പിക്കൽ രുചി അനുഭവം നൽകുന്ന ഈ ഡ്രിങ്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- തണുപ്പിച്ച ബ്ലാക്ക് കോഫി അല്ലെങ്കിൽ എസ്‌പ്രസ്സോ – ഒരു കപ്പ്
- തണുപ്പിച്ച പാൽ – അരക്കപ്പ്
- പാഷൻ ഫ്രൂട്ട് പൾപ്പ് – രണ്ട് ടേബിൾസ്പൂൺ
- ഷുഗർ സിറപ്പ് – ഒന്നോ രണ്ടോ ടീസ്പൂൺ
- ഐസ് ക്യൂബുകൾ – ആവശ്യത്തിന്
- അലങ്കരിക്കാൻ പാഷൻ ഫ്രൂട്ട് കഷ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം പാഷൻ ഫ്രൂട്ട് മുറിച്ച് അതിനുള്ളിലെ പൾപ്പ് ഒരു ഗ്ലാസിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയോ ഷുഗർ സിറപ്പോ ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം ഗ്ലാസിൽ ആവശ്യത്തിന് ഐസ് ക്യൂബുകൾ നിറയ്ക്കുക.
അടുത്തതായി തണുപ്പിച്ച പാൽ ഗ്ലാസിലേക്ക് ഒഴിക്കുക. അതിനുമുകളിലൂടെ തണുപ്പിച്ച ബ്ലാക്ക് കോഫിയോ എസ്‌പ്രസ്സോയോ പതുക്കെ ഒഴിച്ചുകൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പാനീയത്തിൽ മനോഹരമായ ലെയറുകൾ രൂപപ്പെടും. മുകളിൽ അൽപം പാഷൻ ഫ്രൂട്ട് പൾപ്പ് ചേർത്ത് അലങ്കരിക്കാം. കുടിക്കുന്നതിന് മുമ്പ് നന്നായി ഇളക്കിയാൽ രുചികരമായ പാഷൻ ഫ്രൂട്ട് കോഫി തയ്യാറായി.
രുചിക്ക് പുറമെ നിരവധി പോഷകങ്ങളും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഉറവിടമാണ് ഈ പഴം. വിറ്റാമിൻ സി പ്രതിരോധശേഷിയുടെ സാധാരണ പ്രവർത്തനത്തിന് സഹായിക്കുന്നു. ഇതിലെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും.
കൂടാതെ, പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സാധാരണ രക്തസമ്മർദം നിലനിർത്തുന്നതിനും സഹായകമാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.
സാധാരണ കോഫിക്ക് പകരം പുതിയൊരു രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാഷൻ ഫ്രൂട്ട് കോഫി മികച്ചൊരു ഓപ്ഷനാണ്. ചേരുവകൾ വളരെ കുറവ്, തയ്യാറാക്കാനും എളുപ്പം. വീട്ടിൽ അതിഥികൾ എത്തുമ്പോഴും ഒരു വ്യത്യസ്തമായ പാനീയം വിളമ്പാൻ ഈ റെസിപ്പി പരീക്ഷിക്കാം.



